ന്യൂഡൽഹി : ലഡാക്ക് അതിർത്തിയിൽ ചൈന പ്രകോപനം തുടരുകയാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി. അതിർത്തി മേഖലകളിൽ ചൈന വൻതോതൽ സൈനിക വിന്യാസം നടത്തുന്നുണ്ട്. ഇതിന് മറുപടിയായി ഇന്ത്യയും സൈനിക വിന്യാസം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപ് അതിർത്തിയിൽ ഇന്ത്യ ഏകപക്ഷീയ നീക്കങ്ങൾ നടത്തുന്നതായി ചൈന ആരോപിച്ചിരുന്നു. ഇതിനോടായിരുന്നു ബാഗ്ചിയുടെ പ്രതികരണം. ലഡാക്ക് അതിർത്തിയിൽ ചൈനയാണ് ഏകപക്ഷീയമായ നീക്കങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ആവർത്തിച്ചു.
ചൈനയുടെ ആരോപണങ്ങളെ ഇന്ത്യ തള്ളുകയാണ്. ഉഭയകക്ഷി ധാരണകൾ ലംഘിച്ച് അതിർത്തിയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിനായി ചൈനീസ് സൈന്യം നടത്തുന്ന നീക്കങ്ങൾ അതിശയിപ്പിക്കുന്നു. ഉഭയകക്ഷി ധാരണകൾ ലംഘിക്കുന്നത് അതിർത്തിയിൽ വലിയ പ്രശ്‌നങ്ങൾക്ക് കാരണമാകും. യഥാർത്ഥ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ ശാന്തമായി തുടരുന്നതിനായി ചൈന പ്രവർത്തിക്കുമെന്നാണ് ഇന്ത്യ കരുതുന്നതെന്നും ബാഗ്ചി അഭിപ്രായപ്പെട്ടു.
നിലവിൽ ലഡാക്ക് അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുന്നതിനായി ചൈന അതിർത്തിയിൽ താവളങ്ങൾ ഉൾപ്പെടെ നിർമ്മിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് ഇന്ത്യയെ പഴിചാരാൻ ചൈന ശ്രമിക്കുന്നത്.
Comments