ലുധിയാന:വ്യോമസേനയിലെ ഫൈറ്റർ പൈലറ്റെന്ന ആവേശകരമായ തുടക്കം വീണ്ടും ആവർത്തിച്ച് എയർ ചീഫ് മാർഷൽ ആർ.കെ.എസ് ബദൗരിയ. തന്റെ ഔദ്യോഗിക ജീവിതത്തിലെ അവസാന ദിവസമാണ് യുദ്ധവിമാനത്തിൽ ആകാശ നീലിമയെ തൊട്ട് ബദൗരിയ തിരിച്ചിറങ്ങിയത്. ഇന്നലെയാണ് പുതിയ എയർചീഫ് മാർഷലായി വിവേക് രാം ചൗദ്ധരി ചുമതലയേറ്റത്. ലഡാക്കിലെ ചൈനയുടെ ഹുങ്കിനെ നിലയ്ക്കുനിർത്താൻ നിയോഗിക്കപ്പെട്ട വൈമാനികനാണ് വിവേക് രാം ചൗദ്ധരി.
പഞ്ചാബിലെ ഹൽവാര വ്യോമതാവളത്തിൽ നിന്നാണ് ബദൗരിയ പറന്നുയർന്നത്. വ്യോമസേനയിൽ 42 വർഷത്തെ സേവനമാണ് ബദൗരിയ പൂർത്തിയാക്കിയത്. രണ്ടു വർഷം കേന്ദ്രസർക്കാർ ബദൗരിയയ്ക്ക് നീട്ടി നൽകുകയായിരുന്നു. വ്യോമസേനയുടെ 23-ാം സേനാ വിഭാഗമായ പാന്തേഴ്സിന്റെ ഭാഗമായിട്ടായിരുന്നു 40 വർഷം മുമ്പുള്ള ബദൗരിയയുടെ തുടക്കം. 2019 സെപ്തംബറിലാണ് ബദൗരിയ വ്യോമസേനാ മേധാവിയായി ചുമതലയേറ്റത്.
ഇന്ത്യൻ സൈനിക ശേഷി പതിന്മടങ്ങാക്കി വർദ്ധിപ്പിച്ച രണ്ട് സുപ്രധാന കരാറുകൾ ബദൗരിയയുടെ കാലഘട്ടത്തിലാണ് പൂർത്തിയാക്കിയത്. 36 റഫേലുകളും 83 മാർക്ക് വൺ എ തേജസ് ജെറ്റുകളും വ്യോമസേനയ്ക്ക് സ്വന്തമാകുന്ന കരാറുകൾ ഒപ്പിട്ടത് ബദൗരിയയാണ്. വ്യോമസേനാ മേധാവിയായി ചുമതലേൽക്കുന്നതിന് തൊട്ടുമുമ്പാണ് റഫേൽ യുദ്ധവിമാന കരാർ തീരുമാനിക്കുന്ന ഇന്ത്യൻ പ്രതിരോധ വകുപ്പിന്റെ സമിതിയിൽ ബദൗരിയയെ ഉൾപ്പെടുത്തിയത്.
1980 ജൂൺ 15നാണ് സോർഡ് ഓഫ് ഓണർ എന്ന ബഹുമതിയോടെ യുദ്ധസജ്ജനായ വൈമാനികനായി വ്യോമസേന യോഗ്യത നൽകിയത്. നാഷണൽ ഡിഫൻസ് അക്കാദമിയുടെ കമാന്റന്റ് ആയും സെൻട്രൽ എയർ കമാന്റ് മേധാവിയായും വ്യോമസേന ഉപമേധാവിയായും ബദൗരിയ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Comments