ക്വീൻസ് ലാന്റ്: ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ബാറ്റിംഗ് കരുത്ത് സ്മൃതി മന്ഥാനയ്‌ക്ക് ടെസ്റ്റിലും നേട്ടം. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിൽ സ്മൃതി സെഞ്ച്വറി നേടി. പകൽ-രാത്രിയായി ആദ്യമായി കളിക്കുന്ന ടെസ്റ്റിലാണ് സ്മൃതി മന്ഥാന സെഞ്ച്വറി നേടിയത്.
ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ടീം ഇന്ത്യ 2ന് 205 എന്ന നിലയിലാണ്. ഓപ്പണറായി ഇറങ്ങിയ സ്മൃതി മന്ഥാനയും (127) ഷെഫാലി വർമ്മയും(31) ചേർന്ന് 93 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് മികച്ച തുടക്കമായത്. 216 പന്തുകളെ നേരിട്ടാണ് 22 ഫോറും ഒരു സിക്‌സറുമടക്കം സ്മൃതി 127 റൺസ് നേടിയത്. ആഷ്‌ലി ഗാർഡനറുടെ പന്തിൽ മഗ്രാത്ത് പിടിച്ചാണ് സ്മൃതി പുറത്തായത്. 33 റൺസുമായി പൂനം റൗട്ടും 9 റൺസുമായി ക്യാപ്റ്റൻ മിതാലി രാജുമാണ് ക്രീസിലുള്ളത്.
എട്ടുപേരെക്കൊണ്ട് പന്തെറിയിച്ചാണ് ഓസ്‌ട്രേലിയ സ്മൃതി മന്ഥാനയെ പുറത്താക്കാൻ ശ്രമം നടത്തിയത്. ഓസീസിനായി ആഷ്‌ലി ഗാർഡ്‌നറും സോഫി മോനിലക്‌സും ഒരോ വിക്കറ്റ് വീഴ്‌ത്തി.
Comments