കോട്ടയം: കോളേജ് വിദ്യാർത്ഥിനിയായ നിതിനയെ സഹപാഠിയായ അഭിഷേക് കൊലപ്പെടുത്തിയത് കയ്യിൽ കരുതിയ ആക്‌സോ ബ്ലേഡ് കൊണ്ട്. ഓഫീസ് മുറിയിൽ നിന്നാണ് അഭിഷേക് ആക്‌സോ ബ്ലേഡ് എടുത്തത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. പ്രണയപ്പകയാണ് കൊലയ്‌ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. അഭിഷേക് ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
പാലാ സെന്റ് തോമസ് കോളേജിൽ മൂന്നാം വർഷ ഫുഡ് ആൻഡ് ടെക്‌നോളജി വിദ്യാർത്ഥികളാണ് ഇരുവരും. സപ്ലിമെന്ററി പരീക്ഷയെഴുതാനാണ് രണ്ട് പേരും കോളേജിൽ എത്തിയത്. പരീക്ഷയ്‌ക്ക് ശേഷം അഭിഷേകും നിതിനയും കോളേജ് ഗ്രൗണ്ടിൽ നിൽക്കുന്നത് പലരും കണ്ടിരുന്നു. പിന്നീട് രക്തം വാർന്ന് കിടക്കുന്ന നിതിനയേയും അത് നോക്കി നിൽക്കുന്ന അഭിഷേകിനേയുമാണ് കാണുന്നതെന്ന് സഹപാഠികൾ പറഞ്ഞു.
ഗ്രൗണ്ടിൽ വീണു കിടക്കുന്ന നിതിനയെ കൂട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോളേജ് ഗ്രൗണ്ടിൽ നിന്നും ആശുപത്രിയിലെത്തിക്കുന്നത് വരെ നിതിനയ്‌ക്ക് ജീവനുണ്ടായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്താണ് കൊലപാതകത്തിന് പ്രേരണയായതെന്ന് വ്യക്തമല്ല.
കഴുത്തറുത്തശേഷം പോലീസ് വരുന്നതുവരെ ശാന്തനായി പ്രതി ഇരുന്നുവെന്ന് കോളേജിലെ സുരക്ഷ ജീവനക്കാരൻ പറഞ്ഞു. അഭിഷേകിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകത്തിന്റെ ചുരുളഴിയുമെന്നാണ് സൂചന. പ്രണയം നിരസിച്ചതാകാം കൊലപാതകത്തിന് കാരണമെന്നാണ് വിവരം. നിതിനയുടെ സുഹൃത്തുക്കളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും.
Comments