വാഷിംഗ്ടൺ: എക്കാലത്തും ആകാശഗംഗയെ കുറിച്ചും അതിനെ ചുറ്റിപറ്റിയുള്ള കൊച്ചുകൊച്ചു കാര്യങ്ങളുടേതുമെല്ലാം വിവരങ്ങൾ അറിയാൻ മനുഷ്യന് കൗതുകമാണ്.അനേകായിരം സംശയങ്ങളാണ് ക്ഷീപഥത്തെ ചുറ്റിപറ്റി ദിനം പ്രതി ഉയരുന്നത്. സംശയങ്ങൾ ദൂരികരിക്കാൻ ശാസ്ത്രജ്ഞരുടെ വലിയ സംഘം തന്നെയാണ് പരിശ്രമിക്കുന്നത്.
നീലഗ്രഹത്തിലെ പോലെ ജീവ സാന്നിധ്യം മറ്റേതെങ്കിലും ഗ്രഹത്തിലുമുണ്ടോ എന്ന അന്വേഷണം വരെയെത്തി കാര്യങ്ങൾ.ഇത്തരത്തിൽ ഗവേഷണങ്ങൾ പുരോഗമിക്കുന്നതിനിടെ മനുഷ്യ ലോകത്തിന്റെ വലിയ ഒരു സംശയത്തിന് ഉത്തരം നൽകിയിരിക്കുകയാണ് നാസ.
ക്ഷീരപഥം (Milky Way )അഥവാ ആകാശ ഗംഗയുടെ ശബ്ദം എങ്ങനെയിരിക്കുമെന്ന ചോദ്യത്തിനാണ് ഒടുവിൽ നാസ ഉത്തരം നൽകിയിരിക്കുന്നത്. ഇത് വിശദമാക്കാനായി നാസ ഒരു വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്.
അന്താരാഷ്‌ട്ര സംഗീത ദിനത്തിൽ, യുഎസ് ബഹിരാകാശ ഏജൻസിയുടെ ഹബിൾ ബഹിരാകാശ ദൂരദർശിനിയാണ് ഇൻസ്റ്റാഗ്രാമിൽ ക്ഷീരപഥത്തിന്റെ ശബ്ദം പങ്ക് വെച്ചത്.ക്ഷീരപഥത്തിലെ പൊടികളും പ്രകാശവും മറ്റു ആകാശ വസ്തുക്കളും ചലിക്കുമ്പോഴാണ് ശബ്ദം പുറത്തു വരുന്നത്.സോണിക്കേഷന്റെ സഹായത്തോടെ ശാസ്ത്രജ്ഞർ ചിത്രങ്ങളുടെ ഡാറ്റ ഉപയോഗിച്ചാണ് സംഗീതം രൂപപ്പെടുത്തിയിരിക്കുന്നത്.
ക്ഷീരപഥത്തിൽ പ്രകടമായ തിളങ്ങുന്ന പ്രകാശം ഉയർന്ന ശബ്ദമാണെന്നും ക്ഷീരപഥത്തിലെ ലൈറ്റുകളുടെ തീവ്രത ശബ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നുവെന്നും ശാസ്ത്രജ്ഞൻ വ്യക്തമാക്കുന്നു.പ്രകാശത്തിന്റെ തീവ്രതയാണ് ശബ്ദത്തെ നിയന്ത്രിക്കുന്നതെന്ന് ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു. ദിവ്യമായ ശബ്ദം, മനോഹരം എന്ന് കുറിച്ചുകൊണ്ടാണ് ആളുകൾ ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
















Comments