തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള കിറ്റിൽ തിരിമറി നടത്താൻ ശ്രമിച്ച് സപ്ലൈക്കോ. ചിലവാകാതെ കിടന്ന സാധനങ്ങൾ തിരുകിക്കയറ്റാനായിരുന്നു ശ്രമം. കരാറുകാരെ സഹായിക്കാനുള്ള നീക്കമാണ് പിന്നിലെന്നാണ് ആരോപണം.
സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു വന്ന ഭക്ഷ്യക്കിറ്റിലാണ് ചിലവാകാതെയും കാലാവധി കഴിയാറായതുമായ സാധനങ്ങൾ തിരികിക്കയറ്റാൻ സപ്ലൈക്കോ ശ്രമിച്ചത്. വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിരുന്ന സാധനങ്ങൾ മാറ്റി പകരം സാധനങ്ങൾ വിതരണം ചെയ്യാനായിരുന്നു ശ്രമം. ഓണക്കിറ്റിൽ നൽകിയ ഗുണനിലവാരം കുറഞ്ഞ ഏലക്ക ഉൾപ്പടെ സ്‌കൂൾ കിറ്റിൽ കയറ്റാനായിരുന്നു നീക്കം.
പ്രീ പ്രൈമറി, അപ്പർ പ്രൈമറി വിഭാഗങ്ങൾക്ക് ചെറുപയർ, തുവരപ്പരിപ്പ്, ഉഴുന്ന്, റാഗിപ്പൊടി തുടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് വിതരണം ചെയ്തു വന്നിരുന്നത്. എന്നാൽ വിതരണ പട്ടികയിൽ മാറ്റം വരുത്താൻ കഴിഞ്ഞ 10 നാണ് സപ്ലൈക്കോ സി എംഡി നിർദ്ദേശം നൽകിയത്. റവ,റാഗി എന്നിവക്ക് പകരം നുറുക്ക് ഗോതമ്പ്, ആട്ട എന്നിവ നൽകാനായിരുന്നു നിർദ്ദേശം.വിദ്യാഭ്യാസ വകുപ്പ് അറിയാതെയാണ് സപ്ലൈക്കോ തീരുമാനമെടുത്തത്. എന്നാൽ കിറ്റിന്റെ ചെലവ് വഹിക്കുന്നത് വിദ്യാഭ്യാസ വകുപ്പെന്ന് അറിയിച്ചതോടെ വൻ അഴിമതിക്കുള്ള നീക്കം പാളി. പട്ടികയിൽ പറയാത്ത സാധനങ്ങൾ നൽകരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവും പുറത്തിറക്കി.
കരാറുകാരെ സഹായിക്കാനുള്ള നീക്കമാണ് പിന്നിലെന്നാണ് ആരോപണം. ഇതിന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ സഹായം നൽകിയെന്നും ആക്ഷേപമുണ്ട്.
















Comments