തിരുവനന്തപുരം: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കുമ്മനം രാജശേഖരൻ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മോൻസന്റെ പുരാവസ്തു ശേഖരത്തിൽ കണ്ടെത്തിയ ചെമ്പോല വ്യാജമാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ആവശ്യവുമായി കുമ്മനം രാജശേഖരൻ എത്തിയിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കുമ്മനത്തിന്റെ പ്രതികരണം.
മോൻസൻ മാവുങ്കലും മാദ്ധ്യമപ്രവർത്തകനായ സഹിൻ ആന്റണിയും ചേർന്ന് ചെമ്പോല കണ്ടെത്തിയ വിവരം പുറത്തുവിട്ടത് ദുരുദ്ദേശ്യത്തോടെയായിരുന്നുവെന്ന് കുമ്മനം പറഞ്ഞു. ശബരിമല ക്ഷേത്രത്തിലെ ആചാര സംരക്ഷണത്തിനുവേണ്ടി വ്യാപകവും ശക്തവുമായി നടന്ന ജനകീയ പ്രക്ഷോഭത്തെ അട്ടിമറിക്കാനുള്ള ശ്രമമാണിത്. ഇതിന് വേണ്ടി നടത്തിയ ഗൂഢാലോചനയാണ് ഇപ്പോൾ പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുസമൂഹത്തിൽ അന്ത:ഛിദ്രം ഉണ്ടാക്കി ശിഥിലമാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. പതിനേഴാം നൂറ്റാണ്ടിലെ പന്തളം രാജകുടുംബത്തിന്റേതെന്ന് അവകാശപ്പെട്ടാണ് ഈ ചെമ്പോല പ്രചരിപ്പിച്ചത്. പന്തളം രാജകുടുംബം ആ വാർത്ത നിഷേധിക്കുകയും ആ കാലയളവിൽ ചെമ്പോലയോ അതിൽ നൽകിയിട്ടുള്ള മുദ്രയോ ഇല്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുറ്റവാളികൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുവാൻ ആഭ്യന്തരവകുപ്പിന് ചുമതലയുണ്ടെന്നും വിഷയം വളരെ ഗൗരവമേറിയതാണെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മാവുങ്കലിനെ പ്രോസിക്യൂട്ട് ചെയ്യണം.
മോൺസൺ മാവുങ്കലിന്റെ വസ്തു ശേഖരത്തിൽ നിന്നും കണ്ടെത്തിയ ചെമ്പോല വ്യാജമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ശബരിമല ക്ഷേത്രത്തിലെ ആചാര സംരക്ഷണത്തിനുവേണ്ടി വ്യാപകവും ശക്തവുമായി നടന്ന ജനകീയ പ്രക്ഷോഭത്തെ അട്ടിമറിക്കാനും സാമുദായിക സ്പർദ്ധ ഉണ്ടാക്കി മുതലെടുപ്പ് നടത്തുവാനും ചില ശക്തികൾ നടത്തിയ ഗൂഢാലോചനയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഹിന്ദുസമൂഹത്തിൽ അന്ത:ഛിദ്രം ഉണ്ടാക്കി ശിഥിലമാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
മോൺസൺ മാവുങ്കലും മാധ്യമപ്രവർത്തകനായ സഹിൻ ആന്റണിയും ചേർന്ന് ചെമ്പോല കണ്ടെത്തിയ വിവരം പുറത്തുവിട്ടത് ദുരുദ്ദേശ്യത്തോടെയായിരുന്നു. സമദർശനത്തിന്റെ സന്നിധാനമായ ശബരിമലയിൽ കലാപവും, വിഭാഗീയതയും, സംഘർഷവും സൃഷ്ടിച്ച് ജനകീയപ്രക്ഷോഭത്തെ തകർക്കാമെന്ന വ്യാമോഹത്തോടെ ചെമ്പോലയുമായി രംഗത്തുവന്നത് ഗൗരവമേറിയ കുറ്റകൃത്യമാണ്.ശബരിമല ചെമ്പോലയെക്കുറിച്ച് ഇതിനുമുമ്പും ആരോപണമുണ്ടായിട്ടുണ്ട്. പ്രശസ്ത പുരാവസ്തുഗവേഷകനും, പുരാരേഖാ വിദഗ്ധനുമായ വി.ആർപരമേശ്വരൻപിള്ള ചെമ്പോല വ്യാജമാണെന്ന് ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
കൃത്രിമമായി ചെമ്പോലയിൽ വട്ടെഴുത്തിൽ വ്യാജരേഖകൾ തയ്യാറാക്കുവാൻ പ്രാവീണ്യം നേടിയവരാണ് ഇത് ഉണ്ടാക്കിയതിന് പിന്നിലെന്ന് വ്യക്തം.
1983 കാലത്ത് വ്യാജമെന്ന കാരണത്താൽ തള്ളിക്കളഞ്ഞ ചെമ്പോല വീണ്ടും ശബരിമല പ്രക്ഷോഭ സമയത്ത് പ്രത്യക്ഷപ്പെടുകയും സത്യമാണെന്ന് വ്യാപകമായ പ്രചരണം നൽകുകയും ചെയ്തു. വിശ്വാസവികാരങ്ങളെ വ്രണപ്പെടുത്തുകയും, വിശ്വാസികളുടെ ആത്മവീര്യം തകർക്കുകയും ആശയ കുഴപ്പമുണ്ടാക്കുകയുമായിരുന്നു ലക്ഷ്യം.
പതിനേഴാം നൂറ്റാണ്ടിലെ പന്തളം രാജകുടുംബത്തിന്റേതെന്ന് അവകാശപ്പെട്ടാണ് ഈ ചെമ്പോല പ്രചരിപ്പിച്ചത്. പന്തളം രാജകുടുംബം ആ വാർത്ത നിഷേധിക്കുകയും ആ കാലയളവിൽ ചെമ്പോലയോ അതിൽ നൽകിയിട്ടുള്ള മുദ്രയോ ഇല്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുറ്റവാളികൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുവാൻ ആഭ്യന്തരവകുപ്പിന് ചുമതലയുണ്ട്. അക്ഷന്തവ്യമായ അപരാധം മോൺ സൺ മാവുങ്കലും കൂട്ടരും ചെയ്തിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ, എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ബന്ധപ്പെട്ട എസ്.ച്ച്. ഒ ക്ക് നിർദ്ദേശം നൽകണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.
https://www.facebook.com/kummanam.rajasekharan/posts/4190568731052882
















Comments