ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കാൻ റഷ്യൻ നിർമ്മിത എസ്-400 സർഫസ്-ടു-എയർ മിസൈൽ ഡിഫൻസ് സിസ്റ്റം ഈ വർഷം തന്നെ സ്ഥാപിക്കുമെന്ന് വ്യോമസേന മേധാവി എയർ മാർഷൽ വി ആർ ചൗധരി. രാജ്യത്തിന്റെ നിയന്ത്രണരേഖയ്ക്ക് സമീപം മൂന്നിടങ്ങളിൽ ചൈനീസ് വ്യോമസേന ഇപ്പോഴും നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ ഏത് ഭീഷണി നേരിടാനും വ്യോമസേന സുസജ്ജമെന്നും അദ്ദേഹം അറിയിച്ചു. വ്യോമസേനയുടെ 89-ാം വാർഷികം ആഘേഷിക്കുന്ന വേളയിലാണ് ചൗധരി ഇക്കാര്യം അറിയിച്ചത്.
‘എസ്-400 മിസൈലുകൾ ഇന്ത്യയിൽ എത്തുന്നത് തടയാൻ റഷ്യയ്ക്കുമേൽ ചൈന ഏർപ്പെടുത്തിയ സമ്മർദങ്ങളെല്ലാം വിഫലമായി. ചൈനീസ് സേനയുടെ കരുത്ത് വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും ദുർബ്ബലമായി തുടരുന്നു. ഇന്ത്യൻ സേനയുടെ പോരാട്ട വീര്യം ഉയർത്താൻ സാധിക്കുന്ന റാഫേൽ യുദ്ധ വിമാനങ്ങളും, അപ്പാഷെ ഹെലികോപ്ടറുകളും വ്യോമസേനയ്ക്ക് കൈമാറിയിട്ടുണ്ട്’ വ്യോമസേന മേധാവി വ്യക്തമാക്കി.
വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ സന്ദർഭോചിതമായ ഇടപെടലിലൂടെയാണ് എസ്-400 മിസൈൽ ഇന്ത്യയിൽ എത്തുന്നത് തടയാനുള്ള ചൈനയുടെ നീക്കങ്ങൾ വിഫലമായത്. ലഡാക്കിലെ അതിർത്തിയിൽ ഉൾപ്പെടെ വിന്യസിക്കുന്നതോടെ അതിർത്തി സുരക്ഷ വർദ്ധിപ്പിക്കാൻ എസ്-400 മിസൈലുകൾ സഹായകമാകും.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ നിന്നും ആറ് ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടറുകളും വ്യോമസേനയ്ക്ക് വൈകാതെ ലഭിക്കും. അടുത്ത പത്ത് വർഷത്തിനുള്ളിൽ 35 ഫൈറ്റർ സ്ക്വാഡ്രണുകൾ സ്ഥാപിച്ച് വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കും. കൂടാതെ കര-നാവിക-വ്യോമസേനകളുടെ കൂട്ടായ പരിശ്രമത്തിലൂടെ രാജ്യം ഏത് ഭീഷണി നേരിടാനും തയ്യാറാണെന്നും ചൗധരി കൂട്ടിച്ചേർത്തു.
എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൗരിയ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് അടുത്ത വ്യോമസേന മേധാവിയായി എയർ മാർഷൽ വിവേക് റാം ചൗധരി ചുമതലയേറ്റത്. സെപ്റ്റംബർ 30നായിരുന്നു ചൗധരി ചുതലയേറ്റത്. 1999ലെ കാർഗിൽ യുദ്ധത്തിലടക്കം നിരവധി വ്യോമ പ്രതിരോധ ദൗത്യങ്ങൾക്ക് ചൗധരി നേതൃത്വം നൽകിയിട്ടുണ്ട്.
Comments