തിരുവനന്തപുരം: നിയമസഭയിൽ ഹാജരാകാത്ത പി.വി.അൻവർ എംഎൽഎ രാജിവെച്ച് പുറത്ത് പോകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാരും എൽഡിഎഫുമാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടത്. ആരോഗ്യ കാരണങ്ങളാലാണ് മാറി നിൽക്കുന്നത് എങ്കിൽ മനസിലാക്കാം. ബിസിനസ് നടത്താൻ വിദേശത്ത് പോയതാണെങ്കിൽ പിന്നെ ഇവിടെ ജനപ്രതിനിധി ആയിരിക്കേണ്ട കാര്യമില്ലല്ലോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
സഭാ നടപടി ചട്ടം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു. പി.വി അൻവർ തുടർച്ചയായ രണ്ടാം സമ്മേളനത്തിലും ഹാജരാകാത്ത വാർത്ത ജനം ടി.വി യാണ് പുറത്ത് കൊണ്ടു വന്നത്. 15ാം കേരള നിയമസഭയിൽ പി.വി അൻവർ വെറും അഞ്ച് ദിവസം മാത്രമാണ് ഹാജരായത്. ഒന്നാം സമ്മേളനം 12 ദിവസവും രണ്ടാം സമ്മേളനം 17 ദിവസവും ഉൾപ്പെടെ 29 ദിവസമാണ് ചേർന്നത്. ഇതുസംബന്ധിച്ച് വിവരാവകാശ രേഖ പുറത്തുവന്നിരുന്നു.
അവധി അപേക്ഷ നല്‍കാതെയാണ് അന്‍വര്‍ സഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് വിവരാവകാശ രേഖകള്‍ പറയുന്നത്. നിയമസഭയുടെ ഗവൺമെന്റ് നൽകുന്ന ഉറപ്പുകൾ സംബന്ധിച്ച സമിതി, ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതി, ഭക്ഷ്യവും സിവിൽ സപ്ലൈസും സഹകരണവും സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി എന്നീ നിയമസഭാ സമിതികളിലും പി.വി അൻവർ അംഗമാണ്.
ബിസിനസ് ആവശ്യങ്ങൾക്കായി വീണ്ടും ആഫ്രിക്കയിലേക്ക് പോയെന്നാണ് വിവരം. തെരഞ്ഞെടുപ്പിന് മുൻപും മണ്ഡലത്തിൽ എംഎൽഎയുടെ അസാന്നിദ്ധ്യം ചർച്ചയായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് സമാനമായ രീതിയിൽ രണ്ട് മാസം എംഎൽഎയെ കാണാതാവുകയായിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
ഭരണഘടനയുടെ 190 (4) പ്രകാരം, 60 സഭാ സമ്മേളനങ്ങളിൽ തുടർച്ചയായി പങ്കെടുക്കാതിരുന്നാൽ എംഎൽഎയെ അയോഗ്യനാക്കാൻ സഭയ്‌ക്ക് അധികാരമുണ്ട്. ആ സീറ്റ് ഒഴിവ് വന്നതായി പ്രഖ്യാപിക്കും. സഭയുടെ അനുമതിയോടെ എംഎൽഎയ്‌ക്ക് അവധിയെടുക്കാം.എന്നാൽ അൻവർ അനുമതി വാങ്ങാത്തത്തിലും ദുരൂഹത ഉണ്ടെന്നാണ് പ്രതിപക്ഷ ആരോപണം.
Comments