പിന്നിൽ നിന്ന് കല്ലെറിയാനും വെടിയുതിർക്കാനും ഏതു ഭീരുവിനും സാധിക്കും. ധൈര്യമുണ്ടെങ്കിൽ സംവാദത്തിന് വരൂ. ശ്രീനഗറിൽ ഭീകരർ വെടിവെയ്ച്ച് കൊല്ലപ്പെടുത്തിയ കശ്മീരി പണ്ഡിറ്റ് മഖാൻ ലാൽ ബിന്ദ്രുവിന്റെ മകൾ ഡോ. ശ്രദ്ധ ബിന്ദ്രുവിന്റെ വാക്കുകളാണിത്. സ്വന്തം പിതാവിന്റെ ചിതയൊടുങ്ങും മുമ്പ് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ ഒരിക്കൽ പോലും ശ്രദ്ധയുടെ വാക്കുകൾ ഇടറിയിട്ടില്ല. അത്രയും തീക്ഷ്ണതയായിരുന്നു ആ വാക്കുകൾക്ക്. കലനെരിയുന്ന മനസ്സുമായി മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയ ശ്രദ്ധ ബിന്ദ്രുവിന്റെ പ്രതികരണം വിധ്വംസക ശക്തികൾക്കുള്ള താക്കീതാവുകയാണ്.
ശ്രീനഗറിലെ അറിയപ്പെടുന്ന ഫാർമസിസ്റ്റും കാശ്മിരി പണ്ഡിറ്റുമായ മഖാൻ ലാലിനെ കഴിഞ്ഞ ദിവസമാണ് ഭീകരർ വെടിവെയ്ച്ച് കൊലപ്പെടുത്തിയത്. നഗരത്തിലെ തന്റെ രുന്ന് ഷോപ്പിൽ ഇരിക്കുകയായിരുന്ന മഖാൻ ലാലിനുനേരെ വാഹനത്തിലെത്തിയ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിലും തലയ്‌ക്കും വെടിയേറ്റ മഖാൻ സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടു.
മഖാൻ ലാൽ കൊല്ലപ്പെട്ടതിന് പിന്നാലെ വീട്ടിലെത്തിയ മാദ്ധ്യമങ്ങളോട് മകൾ ശ്രദ്ധ ബിന്ദ്രുപറഞ്ഞ വാക്കുകൾ രാഷ്‌ട്രവിരുദ്ധരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതായിരുന്നു. എന്റെ അച്ഛൻ ഒരു പോരാളിയായിരുന്നു. പോരാടിക്കൊണ്ടെ മരണം വരിക്കുകയുള്ളുവെന്ന് എപ്പോഴും പറയുമായിരുന്നു ശ്രദ്ധ പറഞ്ഞു. താഴ്വരയിൽ ഭീകരത കൊടികുത്തി വാണിരുന്ന കാലത്തുപോലും തന്റെ പിതാവ് ശ്രീനഗർ വിട്ട് പോയിട്ടില്ലെന്നും അച്ഛന് നേരെ വെടിയുതിർത്തവർ ആരാണെങ്കിലും ധൈര്യമുണ്ടെങ്കിൽ തന്റെ മുന്നിൽ വരണെന്നും കോളേജ് അദ്ധ്യാപിക കൂടിയായ ശ്രദ്ധ വെല്ലുവിളിക്കുകയാണ്.
തോക്കുകളും കല്ലുകളുമായി പോരാടുന്ന നിങ്ങൾ ഭീരുക്കളാണ്. എന്റെ അച്ഛൻ ഒരു സൈക്കിളിൽ നിന്നാണ് ജീവിതം ആരംഭിച്ച് മക്കളായ ഞങ്ങൾക്ക് നല്ല വിദ്യാഭ്യാസം നൽകി. ഇന്ന് ഞാനൊരു അസോസിയേറ്റ് പ്രൊഫസറും സഹോദരൻ ഡയബറ്റോളജിസ്റ്റുമാണ്. വളരെ മോശം സാഹചര്യങ്ങളിൽ പോലും കട പൂട്ടിയിടാൻ അദ്ദേഹം തയ്യാറായിരുന്നില്ല. കാരണം എന്റെ അച്ഛനൊരു പോരാളിയായിരുന്നുവെന്ന് എനിക്കറിയാം. പോരാളിയെ പോലെയാണ് അച്ഛന്റെ വിയോഗവും. അതു കൊണ്ടുതന്നെ ഞാൻ കണ്ണീർ പൊഴിക്കില്ല. മരണപ്പെട്ടെങ്കിലും അച്ഛന്റെ ആത്മാവ് ഏപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാകുമെന്നും ഡോ. ശ്രദ്ധ ഉറച്ച ശബ്ദത്തോടെ പറയുന്നു.
കശ്മീർ ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. ഭീകരരുടെ വെല്ലുവിളികൾ നേരിടാൻ അവിടുത്തെ ജനങ്ങൾ തയ്യാറായിക്കഴിഞ്ഞു എന്നതിന്റെ സൂചനയാണ് ശ്രദ്ധയുടെ വാക്കുകൾ. അതെ കശ്മീർ ഇനി ഭീകരതയ്‌ക്ക് മുന്നിൽ മുട്ടു കുത്തില്ല
Comments