ന്യൂഡൽഹി : ഭൂരിപക്ഷ- ന്യൂനപക്ഷ വേർതിരിവിന്റെ പ്രസക്തി ചോദ്യം ചെയ്ത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാ ഇന്ത്യക്കാരും തുല്യരാകുമ്പോൾ ഭൂരിപക്ഷം- ന്യൂനപക്ഷം എന്ന് വേർതിരിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയിൽ എല്ലാവരുടെ അവകാശങ്ങൾക്കും തുല്യതയുണ്ട്. അതുകൊണ്ടുതന്നെ ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന വേർതിരിവിനോട് വിയോജിക്കുന്നു. ഇത്തരത്തിൽ വിഭജനം ഉണ്ടാക്കാൻ മുസ്ലീങ്ങളല്ലാത്തവരെ അരികുവൽക്കരിക്കുന്ന പാകിസ്താനിലല്ല നമ്മൾ ജീവിക്കുന്നത്. ആരോടും വിവേചനം കാണിക്കരുതെന്നതാണ് ഇന്ത്യയുടെ സംസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു.
ഏറെ നാളുകളായി തന്നോട് ന്യൂനപക്ഷങ്ങളുടെ അവകാശം ഉറപ്പുവരുത്താൻ നിയമം കൊണ്ടുവരാൻ ആളുകൾ ആവശ്യപ്പെടുന്നു. എന്താണ് ഭൂരിപക്ഷം, ന്യൂനപക്ഷം എന്നീ വാക്കുകൾ ഉപയോഗിച്ചുള്ള വിഭജനം കൊണ്ട് അർത്ഥം വയ്‌ക്കുന്നത്. ഇതൊരിക്കലും അംഗീകരിക്കാനാകില്ല. എല്ലാ അവകാശങ്ങളും അനുഭവിക്കുന്ന താൻ ഒരു ഇന്ത്യൻ പൗരനായതിൽ അഭിമാനിക്കുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
മതത്തിന്റെ പേരിലല്ല ഇന്ത്യയുടെ സംസ്‌കാരം അറിയപ്പെടുന്നത്. എന്നാൽ മറ്റുള്ള രാജ്യങ്ങളിൽ സ്ഥിതി മറിച്ചാണ്. ഭൂരിഭാഗം രാജ്യങ്ങളുടെയും സംസ്‌കാരം മതങ്ങളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഇന്ത്യയുടെ സംസ്‌കാരത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. എല്ലാവർക്കും തുല്യ അവകാശങ്ങൾ നൽകുന്ന ഓരേയൊരു ഭരണഘടന ഇന്ത്യയുടേത് ആണ്. അതിലുപരി ആരോടും വിവേചനം കാണിക്കണമെന്ന് പഠിപ്പിക്കുന്നതല്ല നമ്മുടെ സംസ്‌കാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments