തിരുവനന്തപുരം : സംസ്ഥാനത്തെ ജയിലുകളിൽ തടവുപുള്ളികളെ നിരീക്ഷിക്കാൻ ഡ്രോണുകൾ ഉപയോഗിക്കാൻ തീരുമാനം. ജയിലുകൾക്കകത്തെ സിസിടിവി ക്യാമറകൾ കാര്യക്ഷമമല്ലാത്തതിനെ തുടർന്നാണ് ഡ്രോൺ സംവിധാനം ഏർപ്പെടുത്തുന്നത്. ആദ്യഘട്ടത്തിൽ പൂജപ്പുര, വിയ്യൂർ, കണ്ണൂർ, എന്നീ സെൻട്രൽ ജയിലുകളിലും, അതീവ സുരക്ഷാ ജയിലുകളായ, ചീമേനി, നെട്ടുകൽത്തേരി എന്നിവിടങ്ങളിലുമാകും പദ്ധതി നടപ്പാക്കുക.
സുരക്ഷയുടെ ഭാഗമായി കൂടിയാണ് ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തുന്നത്. ജയിലിനുള്ളിൽ ആഘോഷപരിപാടികൾ നടക്കുമ്പോഴും ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തും. ജയിലിനുള്ളിലേക്ക് പ്രവേശിക്കുന്നവരെ പരിശോധിക്കാൻ ബോഡി സ്‌കാനർ ഏർപ്പെടുത്താനും ആലോചനയുണ്ട്. പരോൾ കഴിഞ്ഞ് മടങ്ങുന്നവരിൽ പലരും കഞ്ചാവുൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായാണ് ജയിലിൽ എത്താറുള്ളത്. ഇത് പിടികൂടുന്നതിന് വേണ്ടി കൂടിയാണ് സ്‌കാനറുകൾ സ്ഥാപിക്കുന്നത്.
ജയിലുകൾക്ക് കീഴിൽ ഇന്റലിജൻസ് സംവിധാനം ഏർപ്പെടുത്താനും പദ്ധതിയുണ്ട്. ജയിലിനുള്ളിൽ തടവുപുള്ളികളുടെ മൊബൈൽ ഫോൺ ഉപയോഗം തടയാൻ ഇതുവഴി സാധിക്കും. 55 ജയിലുകളിലും മൂന്ന് പേർ വീതമുളള ഇന്റലിജൻസ് സംവിധാനമാണ് പരിഗണിക്കുന്നത്. ഇതു സംബന്ധിച്ച വിശദ റിപ്പോർട്ട് ജയിൽ മേധാവി ആഭ്യന്തര വകുപ്പിന് കൈമാറും.
Comments