ഏകതയുടെ പ്രതിമ

Published by
Janam Web Desk

കോട്ടകളിലും കൊട്ടാരങ്ങളിലും തുടങ്ങി ശില്പങ്ങളിൽ വരെ ഇന്ത്യയുടെ ചരിത്രം തേടുന്നവർ കണ്ടിരിക്കേണ്ട ഒരിടമുണ്ട് ……

നാനാത്വത്തിൽ ഏകത്വം വിശേഷണമായ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലെ തന്നെ മാറ്റി നിർത്താനാകാത്ത അദ്ധ്യായം രചിച്ചയാൾ, ഭാരതത്തിന്റെ അടിത്തറ സുശക്തമാക്കുന്നതിൽ ഒപ്പം ചേർന്നയാൾ. സർദ്ദാർ വല്ലഭായ് പട്ടേൽ. അദ്ദേഹത്തിനോടുള്ള ആദര സൂചകമായി രാജ്യം നിർമ്മിച്ച അധികായ സ്മാരകം, സ്റ്റാച്യു ഓഫ് യൂണിറ്റി. അഥവാ ഏകതാ പ്രതിമ. ഓരോ ഭാരതീയനും അഭിമാനത്തോടെയും തെല്ലൊരു അഹങ്കാരത്തോടെയും കണ്ടിരിക്കേണ്ട അത്ഭുത സ്മാരകം.

Monuments of India യുടെ പുതിയ അധ്യായത്തിലൂടെ
സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രിയായിരുന്ന ഉരുക്കു മനുഷ്യന്റെ സ്മാരകത്തെകുറിച്ചറിയാം.
***********************
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്ന റെക്കോർഡിലേക്കാണ് ഏകതാപ്രതിമ സ്ഥാപിക്കപ്പെടുന്നത്. 182 മീറ്റർ ഉയരമുള്ള ഏകതാ പ്രതിമ ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ രണ്ടിരട്ടിയോളം വരും. സാധുബേട് ദ്വീപിൽ 2,989 കോടി രൂപ മുതൽമുടക്കിൽ ഉയർന്ന ഏകതാ പ്രതിമയ്‌ക്ക് ഇനിയും വിശേഷണങ്ങൾ ഏറെയുണ്ട്. .

നരേന്ദ്ര മോദി സർക്കാരിന്റെ സ്വപ്‌ന പദ്ധതിയെന്നു തന്നെ ഏകതാ പ്രതിമയെ വിശേഷിപ്പിക്കാം. 2018 ഒക്ടോബർ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഈ പ്രതിമ ഗുജറാത്തിലെയും ഇന്ത്യയിലെയും ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി മാറിയത് വളരെ പെട്ടന്നാണ്. ഗുജറാത്തിലെ നർമദ നദിയിൽ സർദാർ സരോവർ അണക്കെട്ടിന് സമീപത്താണ് പ്രതിമയുടെ സ്ഥാനം .

ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ അനേകം വ്യത്യസ്ത ചിത്രങ്ങൾ പരിശോധിച്ചതിനും മറ്റു പഠനങ്ങൾക്കും ശേഷമാണ് പ്രതിമ രൂപകൽപ്പന ചെയ്തത്. പത്മഭൂഷൺ പുരസ്‌കാര ജേതാവായ ശിൽപ്പി റാം വി സുതാറാണ് പ്രതിമയുടെ ശില്പി.

25,000 ടൺ ഉരുക്കും 90,000 ടൺ സിമന്റും 1,850 ടൺ വെങ്കലവും ഉപയോഗിച്ചായിരുന്നു പ്രതിമയുടെ നിർമ്മാണം. 3500 നിർമ്മാണ തൊഴിലാളികളുടെയും 250 ഓളം എൻജിനീയർമാരുടെയും പരിശ്രമത്തിന്റെ ഫലമായി മൂന്നര വർഷം കൊണ്ടാണ് പ്രതിമ നിർമ്മിച്ചത്.

 

പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കുന്ന തരത്തിലാണ് പ്രതിമയുടെ നിർമ്മാണം. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റിനെയും റിക്ടർ സ്‌കെയിലിൽ 6.5 തീവ്രത വരുന്ന ഭൂകമ്പത്തെയും ചെറുക്കുവാൻ സ്റ്റാച്യു ഓഫ് യൂണിറ്റിയ്‌ക്ക് സാധിക്കും.

135 മീറ്റർ ഉയരത്തിലായുള്ള ഒരു വ്യൂ പോയിൻറാണ് ഇവിടുത്തെ മുഖ്യ ആകർഷണം. ഇരുന്നൂറോളം ആളുകൾക്ക് ഒരേ സമയം ഇവിടെ നിന്ന് കാഴ്ചകൾ കാണാവുന്നതാണ്. ഏകതാ പ്രമതിമയിൽ നിന്നുള്ള സർദാർ സരോവർ അണക്കെട്ടിന്റെ കാഴ്ചയും അതി ഗംഭീരം എന്നാണ് വിനോദസഞ്ചാരികൾ വിശേഷിപ്പിക്കുന്നത്. പ്രതിമയുടെ പ്രവേശന കവാടത്തിൽ സർദാർ വല്ലഭായ് പട്ടേലുമായി ബന്ധപ്പെട്ട രേഖകളും ചിത്രങ്ങളും പ്രബന്ധങ്ങളും സൂക്ഷിച്ചിട്ടുള്ള മ്യൂസിയയവും ഒരുക്കിയിട്ടുണ്ട്. ഒപ്പംതന്നെ 3ഡി പ്രൊജക്ഷൻ മാപ്പിങ്, വോക്ക്‌വേ, ഫുഡ് കോർട്ട്, സെൽഫി പോയിന്റ്, ഷോപ്പിങ് സെന്റർ, അണ്ടർവാട്ടർ അക്വേറിയം, റിസർച് സെന്റർ തുടങ്ങിയവയും പ്രതിമയോടൊപ്പം തയ്യാറാക്കിയിരിക്കുന്നു.പ്രതിമയുടെയുള്ളിലൂടെ മുകൾഭാഗം വരെയും ആളുകൾക്ക് എലവേറ്ററുകൾ വഴി പോകാവുന്നതാണ്.

പ്രതിമയും ഇതിനോടനുബന്ധിച്ച വിനോദ സഞ്ചാര മേഖലയും ആയിരക്കണക്കിന് ആളുകൾക്കാണ് ഉപജീവനമാർഗം ആയിരിക്കുന്നത്.സന്ദർശകർക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഫീസിലൂടെ മാത്രം കോടി കണക്കിന് രൂപ ഇന്ത്യൻ ഖജനാവിൽ എത്തിച്ച സ്മാരകം ഇന്ന് ഇന്ത്യയുടെ അനിഷേധ്യ മുഖങ്ങളിലൊന്നായി മാറിയിരിക്കുന്നു.

Share
Leave a Comment