കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒന്നാം പ്രതിയും സിപിഎം നേതാവുമായ സക്കീർ ഹുസൈൻ ഉൾപ്പെടെ നാല് പ്രതികളെ കോടതി വെറുതെവിട്ടു. എറണാകുളം സിജെഎം കോടതിയുടേതാണ് ഉത്തരവ്. രണ്ടാം പ്രതിയും ഡിവൈഎഫ്‌ഐ നേതാവുമായ കറുകപ്പള്ളി സിദ്ദിഖ്, മൂന്നാം പ്രതി തമ്മനം ഫൈസൽ, നാലാം പ്രതി ഷീല തോമസ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
കേസിൽ മുഖ്യസാക്ഷിയടക്കം കൂറുമാറിയതാണ് കോടതിയുടെ ഉത്തരവിന് കാരണമായത്. 2015ൽ വ്യവസായി ജൂബി പോളിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. എന്നാൽ പരാതിക്കാരനായ ജൂബി പോളടക്കം എല്ലാ സാക്ഷികളും കൂറുമാറി. കേസിൽ നാല് പ്രതികൾക്കെതിരെയും തെളിവുകൾ ഹാജരാക്കാൻ പോലീസിന് കഴിഞ്ഞില്ലെന്നും കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും കോടതി വ്യക്തമാക്കി.
കേസിനാസ്പദമായ സംഭവം 2015ൽ നടക്കുമ്പോൾ സക്കീർ ഹുസൈൻ കളമശ്ശേരി ഏരിയ കമ്മിറ്റി സെക്രട്ടറിയും എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. കേസ് രജിസ്റ്റർ ചെയ്തതതിനെ തുടർന്ന് സക്കീർ ഹുസൈൻ അറസ്റ്റിലാകുകയും ചെയ്തു. സംസ്ഥാന രാഷ്‌ട്രീയത്തിൽ ഏറെ ചർച്ചാവിഷയമായ കേസിൽ സിപിഎം കനത്ത പ്രതിരോധത്തിലായിരുന്നു.
പാർട്ടിയിൽ സസ്‌പെൻഷൻ, കീഴ്ഘടകത്തിലേക്ക് തരംതാഴ്‌ത്തൽ തുടങ്ങിയ നടപടികൾക്ക് സക്കീർ ഹുസൈൻ വിധേയനായിരുന്നു. നിലവിൽ ബ്രാഞ്ച് കമ്മിറ്റി അംഗമാണ് സക്കീർ ഹുസൈൻ. പാർട്ടിയിൽ ഇപ്പോഴും സക്കീർ ഹുസൈന് വലിയ സ്വാധീനമുണ്ടെന്നാണ് പാർട്ടിയിലെ തന്നെ വിമർശകർ ചൂണ്ടിക്കാട്ടുന്നത്.
















Comments