തൃശ്ശൂർ : വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കഞ്ചാവും മൊബൈൽ ഫോണും പിടികൂടി. കെവിൻ കൊലക്കേസ് പ്രതി ടിറ്റോ ജെറോമിനെ പാർപ്പിച്ച ഇ-2 ബ്ലോക്കിൽ നടത്തിയ പരിശോധനയിലാണ് മൊബൈലും കഞ്ചാവും പിടികൂടിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഏതാനും നാളുകളായി ടിറ്റോ ജെറോം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ഇയാളെ ബ്ലോക്കിലെ ഐസൊലേഷൻ സെല്ലിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പരിശോധന.
ടിറ്റോയെ മാറ്റുന്ന നേരത്ത് സെല്ലിന് സമീപം മറ്റൊരു അന്തേവാസി പ്ലാസ്റ്റിക് ബക്കറ്റുമായി നിൽക്കുന്നതിൽ സംശയം തോന്നിയതിനെ തുടർന്നാണ് ബ്ലോക്കിൽ പരിശോധന നടത്തിയത്. ഇതിനിടെ ഇയാളുടെ സെല്ലിൽ നിന്നും കഞ്ചാവും ഫോണും കണ്ടെടുക്കുകയായിരുന്നു. സെല്ലിലെ പൈപ്പിന് താഴെ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവും മൊബൈൽ ഫോണും. ഇതിന് പിന്നാലെ ഡിജിപിയുടെ നിർദ്ദേശ പ്രകാരം ടിറ്റോയെ അതി സുരക്ഷാ ജയിലിലേക്ക് മാറ്റി.
Comments