തിരുവനന്തപുരം: മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനവുമായി ഭരണക്ഷി എംഎൽഎമാർ. സിപിഎം എംഎൽഎമാർ ആണ് മന്ത്രിമാർക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്.പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെയും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കുമെതിരെയാണ് എംഎൽഎമാർ രൂക്ഷ വിമർശനം ഉന്നയിച്ചത്.കഴിഞ്ഞ ദിവസം നടന്ന സിപിഎം നിയമസഭാക്ഷി യോഗത്തിലാണ് എംഎൽമാർ മന്ത്രിമാർക്കെതിരെ ആഞ്ഞടിച്ചത്.
എംഎൽഎമാരുടെ ശുപാർശയുമായി കരാറുകാർ മന്ത്രിയുടെ മുന്നിലേക്ക് വരരുത് എന്ന നിയമസഭയിലെ പരാമർശത്തിന്റെ പേരിലാണ് പിഎ മുഹമ്മദ് റിയാസിനെതിരെ വിമർശനം ഉയർന്നത്. കരാറുകാരെകൂട്ടി, അല്ലെങ്കിൽ കരാറുകാർ എംഎൽഎമാരുടെ ശുപാർശയുമായി മന്ത്രിയുടെ അടുത്ത് വരുന്ന ഒരു സ്ഥിതി ഉണ്ടാകാൻ പാടില്ല. അങ്ങനെ വന്നാൽ അത് ഭാവിയിൽ പല രീതിയിലും ദോഷത്തിന് കാരണമാകും എന്നാണ് പൊതുമരാമത്ത് മന്ത്രി നിയമസഭയിലെ ചോദ്യോത്തരവേളയിൽ പറഞ്ഞത്.
എന്നാൽ നിയമസഭയിലെ റിയാസിന്റെ ഈ പരാമർശം ജനപ്രതിധികളെപ്പറ്റി ജനങ്ങൾക്കിടയിൽ തെറ്റിധാരണ സൃഷ്ടിക്കുന്നതാണെന്ന് സിപിഎം എംഎൽഎമാർ ചൂണ്ടിക്കാട്ടി.തലശ്ശേരി എംഎൽഎ എഎൻ ഷംസീറായിരുന്നു റിയാസിനെതിരെയുള്ള വിമർശനത്തിന് തുടക്കമിട്ടത്.പിന്നാലെ അഴീക്കോട് എംഎൽഎ കെവി സുമേഷും കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രനും വിമർശനവുമായി രംഗത്തെത്തി.
മണ്ഡലങ്ങളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എംഎൽഎമാർക്ക് കരാറുകാർ അടക്കമുള്ളവരുമായി ബന്ധപ്പെടേണ്ടി വരും.ചിലപ്പോൾ ഈ കരാറുമായി മന്തിമാരെ കാണേണ്ടി വരും എന്നാൽ ഇത് തെറ്റായി ചിത്രീകരിക്കുന്ന തരത്തിലുള്ള പരാമർശം ഉണ്ടാവാൻ പാടില്ലാത്തതാണ്. നിയമസഭപോലുള്ള വേദിയിൽ വെച്ച് മന്ത്രിയിൽ നിന്ന് ഈ രീതിയിലുള്ള പരാമർശം ഉണ്ടാവാൻ പാടില്ലാത്തതാണെന്ന് സിപിഎം എംഎൽഎമാർ ചൂണ്ടിക്കാട്ടി.
അതേസമയം എ പ്ലസ് കണക്കനുസരിച്ച് പ്ലസ് വൺ സീറ്റുണ്ടോയെന്ന് മന്ത്രി പരിശോധിച്ചില്ലെന്നാണ് വിദ്യാഭ്യാസമന്ത്രിക്കെതിരെ ഉയർന്ന വിമർശനം. സംസ്ഥാനം മുഴുവൻ ഒരു യൂണിറ്റായി എടുത്തതും എംഎൽഎമാർ വിമർശിച്ചു.എപ്ലസിന്റെ കണക്കറിയാതെയാണോ സീറ്റുകളുടെ താരതമ്യം വകുപ്പ് നടത്തിയെതെന്ന് എംഎൽഎമാർ യോഗത്തിൽ ആരാഞ്ഞു.അതേസമയം പ്രതിസന്ധിയുള്ള ജില്ലകളിൽ കൂടുതൽ സീറ്റ് അനുവദിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നിട്ടുണ്ട്.85,000 ത്തോളം കുട്ടികൾക്ക് ഇപ്പോഴും പ്ലസ് വൺ സീറ്റില്ലെന്ന് നേരത്തെ മന്ത്രി സമ്മതിച്ചിരുന്നു.വിദ്യാഭ്യാസ മന്ത്രിക്കെതിരെ പലകോണുകളിൽ നിന്നും രൂക്ഷ വിമർശനം ഉയരുന്നതിനിടെയാണ് ഭരണകക്ഷി എംഎൽഎമാർ തന്നെ മന്ത്രിക്കെതിരെ രംഗത്തെത്തിയത്.
Comments