ശ്രീനഗർ : ജമ്മു കശ്മീരിൽ വീരമൃത്യുവരിച്ച ജവാന്മാരുടെ രക്തത്തിന് പകരം ചോദിച്ച് സുരക്ഷാ സേന. ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു. പുൽവാമയിലെ വാഹിബഗ് മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
അടുത്തിടെ ശ്രീനഗറിൽ പ്രദേശവാസികളെ കൊലപ്പെടുത്തിയ സംഘത്തിലെ ഭീകരനെയാണ് വധിച്ചത് എന്നാണ് വിവരം. പ്രദേശത്ത് ഭീകര സംഘം ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്‌ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉച്ചയോടെ സുരക്ഷാ സേന പ്രദേശത്ത് എത്തുകയായിരുന്നു.
എന്നാൽ സുരക്ഷാ സേനയെ കണ്ട ഭീകരർ വെടിയുതിർക്കാൻ ആരംഭിച്ചു. ഇതോടെ സുരക്ഷാ സേനയും തിരിച്ചടിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.
കഴിഞ്ഞ ദിവസം രജൗരി ജില്ലയിലെ ഗാലി ഗ്രാമത്തിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാരാണ് വീരമൃത്യുവരിച്ചത്. രണ്ട് ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Comments