കാബൂൾ : ഗുരുദ്വാരയിൽ ആയുധങ്ങളുമായി അതിക്രമിച്ച് കടന്ന് താലിബാൻ ഭീകരർ. പ്രാർത്ഥനയ്‌ക്കെത്തിയ വിശ്വാസികളെ ഭീഷണിപ്പെടുത്തി. ഉച്ചയോടെയായിരുന്നു സംഭവം.
കാബൂളിലെ ദഷ്‌മേഷ് പീഠ ഗുരുദ്വാരയിലാണ് താലിബാൻ സംഘം എത്തിയത്. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് ഭീകര സംഘം ഗുരുദ്വാരയിൽ എത്തിയത്. പ്രാർത്ഥന നടത്തുന്ന സ്ഥലത്തും, ഇതിനോട് ചേർന്ന് കിടക്കുന്ന മുറിയിലും ആയുധങ്ങളുമായി കയറി. സംഭവ സമയം ഗുരുദ്വാരയിൽ ഉണ്ടായിരുന്ന വിശ്വാസികളെ ഭീകരർ ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി. ഗുരുദ്വാരയിലും, ഇതിന് സമീപമുള്ള സ്‌കൂളിലും പരിശോധന നടത്തിയ ശേഷമാണ് ഭീകരർ മടങ്ങിപ്പോയത്.
അത്യാധുനിക തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് ഭീകര സംഘം എത്തിയത്. കവാടത്തിൽ തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീകരർ മർദ്ദിച്ചു. ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്താന്റെ പ്രത്യേക യൂണിറ്റാണെന്ന് അവകാശപ്പെട്ട് എത്തിയ ഇവർ ഗുരുദ്വാരയിലെ ഓഫീസും പരിശോധിച്ചതായി അധികൃതർ പറഞ്ഞു. സംഭവ സമയത്ത് ഏകദേശം 20 ഓളം പേരാണ് ഗുരുദ്വാരയ്‌ക്കകത്ത് ഉണ്ടായിരുന്നത്.
ഗുരുദ്വാരയിൽ ഉണ്ടായ സംഭവം അതീവ ഗൗരവമേറിയതാണെന്ന് ഇന്ത്യൻ വേൾഡ് ഫോറം അദ്ധ്യക്ഷൻ പുനീത് സിംഗ് ചാന്ദോക്ക് പറഞ്ഞു. അഫ്ഗാനിലെ ഹിന്ദുക്കളുടെയും, സിഖ് മതവിഭാഗങ്ങളുടെയും സുരക്ഷയ്‌ക്കായി ഇന്ത്യ ഇടപെടണം. ഇത് രണ്ടാം തവണയാണ് ഗുരുദ്വാരയിൽ താലിബാൻ സംഘം അതിക്രമിച്ച് കയറുന്നത്. അതുകൊണ്ടുതന്നെ ഇതൊരു ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
















Comments