ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരികെ വരണമോ എന്ന കാര്യം ആലോചനയിലെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ നേതാക്കളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിക്കൊണ്ടാണ് രാഹുൽ ഇക്കാര്യം അറിയിച്ചത്. പാർട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് സോണിയയെ നീക്കി രാഹുൽ എത്തിയേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇതിൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾ അഭിപ്രായങ്ങൾ പറയണമെന്നും യോഗത്തിൽ രാഹുൽ പറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, മുതിർന്ന നേതാവ് എ.കെ. ആന്റണി ഉൾപ്പെടെയുള്ളവരാണ് രാഹുൽ ഗാന്ധി പാർട്ടി അദ്ധ്യക്ഷനാകണമെന്ന് ആവശ്യപ്പെട്ടത്. ഇതിന് അനുകൂല മറുപടി നൽകിയതായാണ് വിവരം. പുതിയ അദ്ധ്യക്ഷനെ നിയോഗിക്കാത്തതിൽ പാർട്ടിയിലെ വിമത വിഭാഗം ശക്തമായ വിമർശനം ഉയർത്തിയ സാഹചര്യത്തിലാണ് രാഹുലിന്റെ മനംമാറ്റം
കോൺഗ്രസി പാർട്ടിയ്‌ക്ക് അദ്ധ്യക്ഷനില്ലെന്നും കാര്യങ്ങൾ തീരുമാനിക്കുന്നത് ആരാണെന്ന് അറിയില്ലെന്നും കോൺഗ്രസിലെ മുതിർന്ന നേതാവ് കപിൽ സിബൽ ആരോപിച്ചിരുന്നു. തുടർന്ന് കോൺഗ്രസിനെ നയിക്കുന്നത് താൻ തന്നെയാണെന്ന് അവകാശപ്പെട്ടുകൊണ്ട് സോണിയ ഗാന്ധി രംഗത്തെത്തി. താൻ മുഴുവൻ സമയം പാർട്ടി അദ്ധ്യക്ഷയാണ്, എന്തെങ്കിലും പറയാൻ ആഗ്രഹിക്കുന്നവർക്ക് നേരിട്ട് പറയാം. മാദ്ധ്യമങ്ങൾ വഴി സംഘടനാ കാര്യങ്ങൾ പറയേണ്ട ആവശ്യമില്ലെന്നും സോണിയ പറഞ്ഞിരുന്നു.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചത്. തുടർന്ന് സോണിയ ഗാന്ധി ഇടക്കാല അദ്ധ്യക്ഷയായി തുടരുകയും ചെയ്തു. കോൺഗ്രസിന്റെ പുതിയ അദ്ധ്യക്ഷനെ 2022 സെപ്റ്റംബറിൽ തെരഞ്ഞെടുക്കുമെന്നാണ് പാർട്ടി അറിയിച്ചിരിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പിനുള്ള നടപടികൾ ഉടൻ ആരംഭിക്കാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
Comments