ന്യൂഡൽഹി : സിംഘു അതിർത്തിയിലെ കൊലപാതകത്തിന് പിന്നിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടികായത്. കൊലപാതകത്തെ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധവുമായി കൂട്ടിക്കുഴയ്‌ക്കാനുള്ള സർക്കാരുകളുടെ ശ്രമം തെറ്റാണ്. മതപരമായ വിഷയമാണ് കൊലപാതകത്തിന് പിന്നിലെന്ന് അക്രമികൾ വ്യക്തമാക്കിയിട്ടുണ്ടെന്നും ടികായത് പറഞ്ഞു.
മതപരമായ വിഷയമാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് നിഹാംഗുകൾ പറയുന്നത്. അതുകൊണ്ടുതന്നെ പ്രതിഷേധസമരവുമായി ബന്ധിപ്പിക്കേണ്ടതില്ല. സമരത്തിൽ തുടരേണ്ടതില്ലെന്ന് നിഹാംഗുകളോട് പറഞ്ഞിട്ടുണ്ട്. മറിച്ചായാൽ സർക്കാർ നിലവിലെ അന്തരീക്ഷം തകർക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഗൂഢാലോചനയാണ് നടപ്പിലാകുന്നതെന്നും ടികായത് കൂട്ടിച്ചേർത്തു. സിംഘു അതിർത്തിയിലെ കൊലപാതകവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് ആയിരുന്നു ടികായതിന്റെ പ്രതികരണം.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് നിഹാംഗുകളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ സോനിപ്പട്ട് കോടതി ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാകേഷ് ടികായതിന്റെ പ്രതികരണം. ഭഗവത് സിംഗ്, ഗോവിന്ദ് സിംഗ് ,സരവ് ജീത് സിംഗ് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.
Comments