ഗുഹാവട്ടി : അസമിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് പോലീസ്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പാക് ഭീകരരുടെ ആക്രമണം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. പാക് ചാരസംഘടനയായ ഐഎസ്‌ഐയും, അൽഖ്വായ്ദ ഭീകരരും ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്ന വിവരം.
സംസ്ഥാനത്തെ രാഷ്‌ട്രീയ പ്രവർത്തകർ, ആർഎസ്എസ് നേതാക്കൾ, സൈനികർ എന്നിവരെയാണ് പാക് ഭീകരർ ലക്ഷ്യംവയ്‌ക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. വിവിധയിടങ്ങളിൽ സ്‌ഫോടനങ്ങളും, ചാവേറാക്രമണങ്ങളും നടത്താനാണ് ഭീകരരുടെ പദ്ധതി. അസമിന് പുറമേ മറ്റ് സംസ്ഥാനങ്ങളിലും ഭീകരാക്രമണത്തിന് ഐഎസ്‌ഐ ആസൂത്രണം ചെയ്യുന്നുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ട്വിറ്ററിലൂടെ പരസ്യമായും ഭീകരാക്രമണ ഭീഷണി ഉയർന്നിട്ടുണ്ടെന്നാണ് പോലീസ് അറിയിക്കുന്നത്. അസം, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഭീകരാക്രമണം നടത്താൻ അൽഖ്വായ്ദ ഭീകരർ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്. മുസ്ലീം യുവാവിനെ ഒരുസംഘം ആളുകൾ ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു ഭീകരരുടെ ആഹ്വാനം എന്നും പോലീസ് പറഞ്ഞു.
ഭീകരാക്രമണ സാദ്ധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ആരാധനാലയങ്ങൾക്ക് മുൻപിലും പൊതു സ്ഥലങ്ങളിലും കൂടുതൽ പോലീസിനെ വിന്യസിച്ചു. സൈനിക മേഖലകളിൽ സുരക്ഷ ശക്തമാക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥർ സുരക്ഷാ നടപടികൾക്ക് നേതൃത്വം നൽകണമെന്നാണ് സംസ്ഥാന പോലീസ് മേധാവി പുറപ്പെടുവിച്ച നിർദ്ദേശത്തിൽ ഉള്ളത്.
Comments