ധാക്ക : ദുർഗാ പൂജയ്‌ക്കിടെ ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായത് ആസൂത്രിക ആക്രമണമെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ. രാജ്യത്ത് വർഗ്ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു ആക്രമണങ്ങൾക്ക് പിന്നിലെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അക്രമങ്ങൾക്ക് പിന്നിൽ മൂന്നാമതൊരു വിഭാഗത്തിന്റെ പങ്കുണ്ടെന്നാണ് കണക്കാക്കുന്നത്. ഹിന്ദുക്കളുടെ ആഘോഷത്തിനിടെ ഖുർആനെ ആക്ഷേപിച്ചെന്ന പേരിൽ നടന്ന സംഘർഷങ്ങൾ മറ്റൊരു ശക്തി സംഭവങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചെന്ന സൂചനയാണ് തരുന്നത്. ബംഗ്ലാദേശിലെ മതസൗഹാർദ്ദം തകർക്കുകയാണ് ഇതുകൊണ്ട് അവർ ലക്ഷ്യമിട്ടത്. നിക്ഷിപ്ത താത്പര്യമുള്ള ചില ശക്തികളുടെ ഇടപെടലാണ് ആക്രമണങ്ങളിൽ നിന്നും വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരൊക്കെയാണ് സംഭവത്തിൽ ഉൾപ്പെട്ടത് എന്ന് കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്. തെളിവുകൾ ലഭിച്ചാൽ അധികം വൈകാതെ വിവരങ്ങൾ പുറത്തുവിടും. കുറ്റക്കാർക്ക് കർശന ശിക്ഷ നൽകും. കൊമിലിയയിൽ മാത്രമല്ല രാജ്യത്തിന്റെ മറ്റ് പലഭാഗങ്ങളിലും ഇവർ വർഗ്ഗീയ കലാപങ്ങൾ സൃഷ്ടിച്ചുവെന്നും അസദുസ്സമാൻ ഖാൻ വ്യക്തമാക്കി.
ശനിയാഴ്ച രാത്രി മുതൽ രാജ്യത്ത് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് വർഗ്ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments