ധാക്ക: ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ ജാഗ്രത നിർദേശം നൽകി ബംഗാൾ സർക്കാർ. ബംഗ്ലാദേശിൽ ഹിന്ദു വിരുദ്ധ കലാപം ശക്തമാകുന്ന സാഹചര്യത്തിലാണ് ബംഗാൾ സർക്കാർ മുന്നറിയിപ്പ് നിർദേശം നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സർക്കാർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ വഷളാക്കുന്ന സാഹചര്യങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ജില്ല ഭരണകൂടങ്ങൾക്കാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. ആഘോഷങ്ങളുടെ സമയമായതിനാൽ അതിർത്തിയിലുള്ള എല്ലാ ജില്ലകളും നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്. ബംഗാളിലും ദസറ, ദീപാവലി ആഘോഷങ്ങൾ പുരോഗമിക്കുകയാണ്. മതസാമുദായിക ഐക്യം തകർക്കുന്ന ഒരു പ്രവർത്തനങ്ങളും അംഗീകരിക്കില്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
ബംഗ്ലാദേശിലെ മതസാമുദായിക ഐക്യം ഏത് വിധേനയും സംരക്ഷിക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ആഭ്യന്തരമന്ത്രി അസദുസമൻ ഖാൻ കമലും പറഞ്ഞിരുന്നു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇരുനേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ മത ന്യൂനപക്ഷങ്ങൾക്കും ഭൂരിപക്ഷത്തിനും ഒരേ പോലെ സംരക്ഷണമുണ്ടാകുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.
ധാക്കയിൽ നിന്ന് 100 കിലോമീറ്റർ അകലെ കുമില്ലയിലാണ് ദുർഗാപൂജ പന്തലുകൾക്ക് നേരെ ഇസ്ലാമിക തീവ്രവാദികൾ ആദ്യം ആക്രമണം അഴിച്ചു വിട്ടത്. മതനിന്ദ നടന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പ്രദേശത്തെ ഹിന്ദു ക്ഷേത്രങ്ങളും വിഗ്രഹങ്ങളും ഹിന്ദുക്കളുടെ വീടുകളും അക്രമികൾ നശിപ്പിച്ചു. അഞ്ച് പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ 100ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമികളിൽ നാല് പേരെ പോലീസ് വെടിവച്ച് വീഴ്‌ത്തുകയും ചെയ്തു.
















Comments