ഡെറാഡൂൺ: കനത്ത മഴയെ തുടർന്ന് ഉത്തരാഖണ്ഡിൽ നൈനി നദി കരകവിഞ്ഞൊഴുകുന്നു. നദിയുടെ ഏറ്റവും ഉയർന്ന ജലനിരപ്പായ 12.2 അടിയാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നൈനിറ്റാൾ പ്രദേശം വെള്ളത്തിനടിയിലാണ്.
സംസ്ഥാനത്ത് മേഘവിസ്‌ഫോടനം ഉണ്ടായ സാഹചര്യത്തിൽ നൈനിറ്റാൽ ജില്ലയിൽ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിലേയ്‌ക്കുള്ള റോഡ് അടക്കം വെള്ളത്തിനടിയിലാണ്. സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളുമായി നൈനിറ്റാളിനെ ബന്ധിപ്പിക്കുന്ന റോഡുകളും തകർന്നു. മണ്ണിടിച്ചിലിനെ തുടർന്ന് കലധുങ്ങി, ഹൽദ്വാനി, ഭോവാലി എന്നി പ്രദേശങ്ങളിലേയ്‌ക്കുള്ള ഗതാഗതം നിർത്തിവെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഇന്നലെ മുതൽ ഉത്തരാഖണ്ഡിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. നൈനിറ്റാൾ സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികളടക്കം ഇതിനെ തുടർന്ന് ദുരിതമനുഭവിക്കുന്നു. നിരവധി ആളുകൾ ഹോട്ടൽ മുറികളിൽ അകപ്പെട്ട് പോയതായാണ് സൂചന.
സംഭവത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി റിപ്പോർട്ട് കൈമാറാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് ഉത്തരാഖണ്ഡിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
















Comments