കോട്ടയം: കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ടായിട്ടും ഇക്കുറി സംസ്ഥാനത്ത് ദുരന്ത നിവാരണ സംവിധാനങ്ങൾ ദയനീയമായി പരാജയപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ
കെ. സുരേന്ദ്രൻ. കോട്ടയം ജില്ലയിലെ പ്രളയബാധിത മേഖലകൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തനിവാരണ സംവിധാനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും വേണ്ടത്ര മുന്നോട്ടുപോകുന്നില്ല. ഉരുൾപൊട്ടൽ ഉണ്ടായ പല മേഖലകളിലും വീടുകളും കടകളും ചെളിയും മണ്ണും കല്ലും ഒക്കെ നിറഞ്ഞിരിക്കുകയാണ്. സന്നദ്ധ സംഘടനകളാണ് ഇതെല്ലാം മാറ്റുന്നത് സർക്കാർ പ്രതിനിധികളെ എങ്ങും കാണാനില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
2018 ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ റീ ബിൽഡ് കേരളയെക്കുറിച്ച് വലിയ പ്രഖ്യാപനമാണ് സർക്കാർ നടത്തിയത്. 4000 ത്തിലധികം കോടി രൂപയാണ് സർക്കാരിന്റെ കൈയ്യിൽ വന്നത്. അതിൽ പകുതി തുക വിനിയോഗിച്ചു. എന്നിട്ടും നേരത്തെ ദുരന്തമുണ്ടായ സ്ഥലങ്ങളിൽ പ്രഖ്യാപിച്ച ഒരു കാര്യങ്ങളും സർക്കാരിന് പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.
വലിയ സംവിധാനങ്ങൾ ഒരുക്കി കേരളത്തെ പുനർനിർമിക്കുമെന്ന് ആയിരുന്നു സർക്കാർ അവകാശപ്പെട്ടത്. എന്നാൽ റീബിൽഡ് കേരള പൂർണമായി നിശ്ചലമായതായി അദ്ദേഹം പറഞ്ഞു. നിലവിൽ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മാറി നിൽക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments