ന്യൂഡൽഹി : ജമ്മു കശ്മീരിൽ സാധാരണക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് നിന്നും പലായനം ചെയ്യാനൊരുങ്ങി വിവിധ ഭാഷാ തൊഴിലാളികൾ. ആയിരക്കണക്കിന് ആളുകളാണ് റെയിൽ വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും വാഹനം കാത്ത് നിൽക്കുന്നത്. ഈ സാഹചര്യത്തിൽ ജമ്മുവിലെയും ഉദംപൂരിലേയും ബസ് സ്റ്റാന്റുകളിലും റെയിൽ വേ സ്റ്റേഷനുകളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി.
ജമ്മു കശ്മീരിൽ ന്യൂനപക്ഷങ്ങൾക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കും നേരെയാണ് ഭീകരർ വ്യാപക ആക്രമണം അഴിച്ചുവിടുന്നത്. ഉത്തർപ്രദേശ്, ബീഹാർ, ചത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നായി നാല് ലക്ഷത്തോളം ആളുകൾ തൊഴിൽ അന്വേഷിച്ച് കശ്മീരിൽ എല്ലാ വർഷവും എത്താറുണ്ട്. കൊത്തുപണി, മരപ്പണി, വെൽഡിംഗ് തുടങ്ങിയ ജോലികൾക്കായാണ് ഇവർ താഴ്‌വരയിലേക്ക് വരാറുള്ളത്.
എന്നാൽ കഴിഞ്ഞ ഒരു മാസത്തിനിടെ ഭീകരർ സാധാരണക്കാരെ ലക്ഷ്യം വെച്ച് കൊലപ്പെടുത്തുകയായിരുന്നു. 11 സാധാരണക്കാരാണ് കശ്മീരിൽ ഭീകരരുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച രണ്ട് ബീഹാർ സ്വദേശികളെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തുകയുണ്ടായി. ഈ സാഹചര്യത്തിലാണ് ഇവർ സ്വന്തം നാട്ടിലേക്ക് തിരികെ പോകാൻ തീരുമാനിച്ചത്. എന്നാൽ കേന്ദ്ര ഭരണ പ്രദേശത്ത് ഭീകരാന്തരീക്ഷം നിലനിൽക്കുന്ന സാഹചര്യത്തിൽ സൈന്യം ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
















Comments