ലക്‌നൗ: യോഗി ആദിത്യനാഥ് സർക്കാർ യാഥാർത്ഥ്യമാക്കിയ കുശി നഗർ വിമാനത്താവളത്തിന്റെ പേരിൽ അവകാശവാദവുമായി സമാജ് വാദി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. 2012 മുതൽ 2017 വരെ താൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പദ്ധതിക്ക് വേണ്ട അടിസ്ഥാന പ്രവർത്തനങ്ങൾ നടത്തിയതെന്നും തറക്കല്ലിട്ടതെന്നും അഖിലേഷ് യാദവ് പറഞ്ഞു.
കുശിനഗർ വിമാനത്താവളം യാഥാർത്ഥ്യമാക്കിയ യോഗി സർക്കാരിന് വിവിധ കോണുകളിൽ നിന്ന് അഭിനന്ദന പ്രവാഹമാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉദ്ഘാടന ദിവസം ട്വിറ്ററിലൂടെ അഖിലേഷ് യാദവ് വിമാനത്താവളം പൂർത്തീകരിച്ചതിന്റെ ക്രെഡിറ്റ് അവകാശപ്പെട്ടിരിക്കുന്നത്. ‘ഓർക്കുക പൈലറ്റ് മാത്രമാണ്, വിമാനം നിങ്ങളുടേതല്ല, ആരോ ഇട്ട റൺവേയിൽ വിമാനം പറത്തുക മാത്രമാണ് നിങ്ങൾ ചെയ്യുന്നത’് ഹിന്ദിയിൽ കുറിച്ച ട്വീറ്റിൽ അഖിലേഷ് പറയുന്നു.
തറക്കല്ലിടലിനായി ഒരു ഇഷ്ടിക കഷ്ണം പോലും അവർ കൊണ്ടുവന്നില്ല. ഇപ്പോൾ പൂമാലയും കത്രികയും മധുരവുമൊക്കെയായി സമാജ് വാദി പാർട്ടിയുടെ പ്രവർത്തികൾ ഉദ്ഘാടനം ചെയ്യുകയാണ് ബിജെപി നേതാക്കളെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തുന്നു.
എന്നാൽ 2012 മുതൽ 17 വരെ ഉണ്ടായിട്ടും എന്തുകൊണ്ട് വിമാനത്താവളത്തിന്റെ നിർമാണം പൂർത്തിയായിട്ടില്ലെന്നാണ് ബിജെപിയുടെ മറുചോദ്യം. വിമാനത്താവളത്തിന്റെ നിർമാണം നടത്തിയത് മോദിജിയും യോഗി ആദിത്യനാഥും ചേർന്നാണ് അതുകൊണ്ടു തന്നെ തീർച്ചയായും അവർ തന്നെ ഉദ്ഘാടനവും നിർവ്വഹിക്കുമെന്ന് ആയിരുന്നു ബിജെപി നേതാവ് വിജയ് ബഹാദൂർ പഥകിന്റെ പ്രതികരണം.
Comments