എറണാകുളം: ട്രെയിൻ യാത്രയിൽ സൗഹൃദം സ്ഥാപിച്ച് വിലപിടിപ്പുള്ള വസ്തുക്കൾ കവർച്ചചെയ്യുന്ന വിരുതനെ റെയിൽവെ പോലീസ് വലയിലാക്കി. വർക്കല ചെമ്മരുത്തി തൊണ്ടുവിള വീട്ടിൽ മനുവിനെയാണ് എറണാകുളത്തുവെച്ച് റെയിൽവേ പോലീസിന്റെ പിടിയിലായത്.
നിരവധി യാത്രക്കാർ ഇയാളുടെ കവർച്ചക്കിരയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളാണ് കൂടുതലായും കവർന്നിരിക്കുന്നത്. ട്രെയിൻ യാത്രയ്‌ക്കിടെ ഈറോഡിൽവെച്ച് പരിചയപ്പെട്ട കൊല്ലം സ്വദേശിയുടെ മൊബൈൽ ഫോൺ ഇയാൾ കൈക്കലാക്കിയിരുന്നു. ഓൺലൈൻ ടിക്കറ്റ് ബുക്കുചെയ്തു തരാമെന്ന് വിശ്വസിപ്പിച്ച് ഫോൺ സൂത്രത്തിൽ കൈക്കലാക്കി മനു എറണാകുളം നോർത്ത് സ്‌റ്റേഷനിൽ ഇറങ്ങി.
ഫോൺ തുറക്കാനുള്ള പിൻ നമ്പർ മനസിലാക്കി ഗൂഗിൽ പേ വഴി 15,000 രൂപയും തട്ടിയെടുത്തു. ഈകേസിൽ അന്വേഷണം നടത്തുന്നതിനിടെയാണ് മറ്റൊരുതട്ടിപ്പിൽ ഇയാൾ കുടുങ്ങിയത്. തോപ്പുംപടിയിൽവെച്ചാണ് മനുവിനെ കഴിഞ്ഞദിവസം പിടിയിലാവുന്നത്.
തൃശ്ശൂർ തൃപ്രയാറിൽ വച്ച് ഇയാൾ ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈൽ ഫോണും പണവും തന്ത്രപൂർവ്വം കൈക്കലാക്കിയതായും പരാതി ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Comments