തിരുവനന്തപുരം : മംഗളൂരുവിലേക്ക് സുഹൃത്തുക്കൾക്കൊപ്പം യാത്രപോയ മകൻ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ. സംഭവത്തെ കുറിച്ച് മകന്റെ സുഹൃത്തുക്കൾ നുണ പറയുന്നതായി സംശയിക്കുന്നതായി മാതാപിതാക്കൾ ആരോപിച്ചു. മകൻ സൂര്യജിത്തിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പട്ട് കാസർകോഡ് ബഡ്ഡ്ക സ്വദേശികളായ രമേശനും ശോഭയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചു.
കൂട്ടുകാർക്കൊപ്പം മംഗളൂരുവിലേക്ക് റോഡ് ട്രിപ്പ് പോയ സൂര്യജിത്തിനെ നാലുദിവസത്തിന് ശേഷം ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മരിക്കുകയായിരുന്നു. മകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച മാതാപിതാക്കൾ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
സെപ്തംബറിലാണ് സംഭവം. സൂര്യജിത്തിന്റെ സുഹൃത്തായ രാഹുൽ ദുബായിൽ നിന്ന് അവധിക്ക് നാട്ടിലെത്തി. ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങാൻ രാഹുൽ, മംഗളൂരുവിൽ പോവാൻ തീരുമാനിച്ചു. യാത്രയ്‌ക്ക് സൂര്യജിത്ത് ഉൾപ്പടെ മൂന്ന് പേരെയും കൂടെക്കൂട്ടി. സ്വരൂപ്,മിഥുൻ എന്നിവരാണ് സൂര്യജിത്തിനെ കൂടാതെ രാഹുലിനൊപ്പം യാത്ര തിരിച്ചത്.
വൈകീട്ട് ബൈക്കിലാണ് ഇവർ യാത്ര പുറപ്പെട്ടത്. സൂര്യജിത്തിനൊപ്പം ട്രെയിനിലാണ് യാത്രപോയതെന്ന് മുഥുൻ വീട്ടുകാരോട് നുണ പറഞ്ഞതായി പരാതിയിൽ പറയുന്നു. ബൈക്കിൽ അത്രയും ദൂരം യാത്ര പോവാൻ വീട്ടുകാർ സമ്മതിക്കാത്തതാണ് നുണ പറയാൻ കാരണമായി പറയുന്നത്.
പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും കാരണം സൂര്യജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് സംഭവ ദിവസം പറയാതിരുന്നത് വീട്ടുകാരെ ഭയപ്പെടുത്തേണ്ടെന്ന് കരുതിയാണെന്ന് സൂര്യജിത്തിന്റെ കൂട്ടുകാരനായ സ്വരൂപ് വ്യക്തമാക്കി. പനി മാത്രമാണെന്നും ഡ്രിപ്പ് കൊടുത്താൻ ഭേദമാകുമെന്നുമാണ് കരുതിയത്. അതിനാലാണ് വീട്ടുകാരുടെ അടുത്ത് കള്ളം പറഞ്ഞതെന്ന് സുഹൃത്തുക്കൾ വ്യക്തമാക്കി. വീട്ടുകാരെ ഭയപ്പെടുത്താതിരിക്കാൻ വേണ്ടി പറഞ്ഞ നുണകൾ ഇപ്പോൾ തങ്ങളെ വേട്ടയാടുന്നതായി സത്യജിത്തിന്റെ സുഹൃത്തുക്കൾ കൂട്ടിച്ചേർത്തു.
അതേസമയം മകന്റെ മരണത്തിലെ ദുരൂഹത കേന്ദ്ര ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും ഇടപെട്ട് നീക്കുമെന്നാണ് പ്രതീക്ഷയെന്ന് സൂര്യജിത്തിന്റെ മാതാപിതാക്കൾ പറഞ്ഞു.
Comments