ന്യൂഡൽഹി: 100 കോടി വാക്‌സിനേഷൻ പിന്നിട്ട രാജ്യത്തിന്റെ നേട്ടം ആഘോഷമാക്കുകയാണ് ഓരോ മേഖലയും. പ്രധാനമന്ത്രിയുടെയും ആരോഗ്യപ്രവർത്തകരുടെയും ചിത്രങ്ങൾ വിമാനത്തിൽ ആലേഖനം ചെയ്താണ് സ്‌പൈസ് ജെറ്റ് രാജ്യത്തിന്റെ നേട്ടത്തിൽ സന്തോഷം പങ്കുവെച്ചത്.
സ്‌പൈസ് ജെറ്റിന്റെ ബോയിങ് 737 വിമാനത്തിലാണ് രാജ്യത്തിന്റെ ചരിത്ര നേട്ടം കുറിക്കുന്ന അടയാളം പതിപ്പിച്ചത്. ഡൽഹി വിമാനത്താവളത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ, സഹമന്ത്രി ഭാരതി പ്രാവീൺ പവാർ എന്നിവരും സ്‌പൈസ് ജെറ്റ് സിഎംഡി അജയ് സിംഗും ചേർന്നാണ് പുതിയ ഡിസൈൻ പുറത്തിറക്കിയത്.
100 കോടി വാക്‌സിനേഷൻ രാജ്യത്തിന് മുഴുവൻ അഭിമാനം നൽകുന്ന നിമിഷമാണെന്നും രാജ്യത്തിന്റെ നേട്ടമാണെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. കൊറോണ വൈറസ് പരാജയപ്പെട്ട് രാജ്യം വിജയിക്കുമെന്ന കാര്യം തീർച്ചയാണെന്നും അദ്ദേഹം പറഞ്ഞു.
279 ദിവസം കൊണ്ട് 100 കോടി വാക്‌സിനേഷൻ എന്നത് ആരോഗ്യപ്രവർത്തകരുടെ പ്രയത്‌നത്തിന്റെയും ജനങ്ങളുടെ സഹകരണത്തിന്റെയും തെളിവാണെന്ന് അജയ് സിംഗ് പറഞ്ഞു. ഈ വിശിഷ്ടനിമിഷത്തിൽ ആരോഗ്യപ്രവർത്തകരെ പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ആവേശം ഒരിക്കലും നശിക്കരുതെന്നും ഇന്ത്യയുടെ വാക്‌സിനേഷൻ ദൗത്യത്തിനുളള സ്‌പൈസ് ജെറ്റിന്റെ ആദരമാണ് വിമാനത്തിലെ പുതിയ ഡിസൈൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments