ഭുവനേശ്വർ: ഒഡീഷ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് പ്രദീപ് മാജി പാർട്ടി വിട്ടു. പ്രദീപിനെ വാഗ്ദാനങ്ങൾ നൽകി പാർട്ടിയിൽ പിടിച്ചുനിർത്താൻ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നടത്തിയ ശ്രമങ്ങൾ ഫലം കണ്ടില്ല. പഞ്ചാബിലെയും ചത്തീസ്ഗഡിലേയും പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയാതെ ഉഴലുന്ന കോൺഗ്രസ് ഹൈക്കമാന്റിന് പ്രദീപിന്റെ രാജി കൂനിൻമേൽ കുരുവായി.
പാർട്ടി പ്രസിഡന്റ് സോണിയ്‌ക്ക് അയച്ച കത്തിലാണ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെയ്‌ക്കുന്നതായി മുൻ എംപികൂടിയായ പ്രദീപ് മാജി വ്യക്തമാക്കിയത്. ജനസേവനമെന്ന ആശയത്തിൽ നിന്നും നേതൃത്വം പൂർണമായും അകന്നുവെന്നും ഇതുമൂലം കോൺഗ്രസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും രാജിക്കത്തിൽ മാജി പറയുന്നു. നിസ്വാർത്ഥ ജനസേവകർക്ക് പ്രവർത്തിക്കാൻ പറ്റാത്ത പ്രസ്ഥാനമായി കോൺഗ്രസിനെ ചില നേതാക്കൾ മാറ്റിയെന്നും യോഗ്യതയില്ലാത്തവർ പാർട്ടി സ്ഥാനങ്ങളിൽ കയറിപ്പറ്റിയെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് കോൺഗ്രസ് പ്രസിഡന്റ് ഉയർത്തിയത്.
കേന്ദ്ര നേതാക്കൾക്കെതിരെയും രൂക്ഷമായ വിമർശനമാണ് കത്തിൽ ഉന്നയിക്കുന്നത്. സംഘടനാ സെക്രട്ടറിമാരായ നേതാക്കളാണ് പാർട്ടിയെ ക്ഷീണിപ്പിക്കുന്നതെന്നും ഇഷ്ടക്കാരെ താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുകയാണ് ഇവരുടെ പാർട്ടി പ്രവർത്തനമെന്നും പ്രദീപ് പറഞ്ഞു. സംസ്ഥാനത്ത് ശക്തമായ സ്വാധീനമുള്ള ചുരുക്കം ചില നേതാക്കളിലൊരാളായ പ്രദീപിന്റെ രാജി കോൺഗ്രസിന്റെ സ്ഥിതി അതി ദയനീയമാക്കുമെന്ന് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
Comments