വസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മൂന്ന് കിലോ സിന്തറ്റിക് മയക്കുമരുന്ന് എൻസിബി പിടികൂടി; ആറുപേർ അറസ്റ്റിൽ

Published by
Janam Web Desk

ബെംഗളൂരു: വസ്ത്രങ്ങളിലൂടെ കടത്താൻ ശ്രമിച്ച മൂന്ന് കിലോ സിന്തറ്റിക് മയക്കുമരുന്നുകളും കഞ്ചാവും നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻസിബി) പിടികൂടി. ഇതുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ആറുപേരെ എൻസിബി അറസ്റ്റ് ചെയ്തു.

ഉത്തരേന്ത്യക്കാരുടെ പരമ്പരാഗത വസ്ത്രമായ ലെഹംഗയിൽ നിന്നാണ് ആദ്യ സംഭവത്തിൽ എൻസിബി മയക്കുമരുന്ന് കണ്ടെത്തിയത്. എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ വസ്ത്രങ്ങളിൽ ലഹരി വസ്തുക്കൾ തുന്നിച്ചേർത്ത നിലയിലായിരുന്നു. ഓസ്‌ട്രേലിയയിലേയ്‌ക്ക് അയക്കാൻ ശ്രമിച്ച പാർസലിൽ നിന്നാണ് ഇവ കണ്ടെത്തിയത്. മൂന്ന് കിലോ സ്യൂഡോഫെഡ്രിനാണ് രണ്ട് പേരിൽ നിന്നായി പിടികൂടിയതെന്ന് എൻസിബി സോണൽ യൂണിറ്റ് ഡയറക്ടർ അമിത് ഘാവേറ്റ് പറഞ്ഞു.

മറ്റൊരു കേസിൽ, ബെംഗളൂരുവിലെ ദേവനഹള്ളിയിൽ നിന്നും ഹൈദരാബാദിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്നുകളുമായി നാല് പേരെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.പ്രതികൾ വിശാഖപട്ടണം, ബിഹാർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഇവരുടെ കൂട്ടാളി ഉയർന്ന കഞ്ചാവ് വിതരണക്കാരനാണ്, ഇയാളും ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലായതായി എൻസിബി ഓഫീസർ അറിയിച്ചു.

Share
Leave a Comment