ന്യൂഡൽഹി: സർദാർ വല്ലഭായ് പട്ടേലിന്റെ ജീവതത്തിൽ നിന്നും ജനങ്ങൾ രാജ്യസ്‌നേഹത്തിന്റെയും ഒരുമയുടെയും പാഠങ്ങൾ പഠിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കി ബാത്ത് പരിപാടിയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബർ 31ന് സർദാർ പട്ടേലിന്റെ ജന്മദിനം ദേശീയ ഏകതാ ദിനമായാണ് ആചരിക്കുന്നത്. ഇതിന് മുന്നോടിയായി പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരമർപ്പിച്ചു.
‘ ഒക്ടോബർ 31ന് രാജ്യം സർദാർ പട്ടേലിന്റെ ജന്മം ദിനം ആഘോഷിക്കുകയാണ്. ഇന്ത്യയുടെ ഉരുക്ക് മനുഷ്യന് മുന്നിൽ എന്റെയും മൻ കി ബാത്തിന്റെ എല്ലാ പ്രേക്ഷകരുടെയും പ്രണാമം അർപ്പിക്കുന്നു’ പ്രധാനമന്ത്രി പറഞ്ഞു.
‘ഒരുമയോടെയുള്ള പ്രവർത്തനങ്ങളിലൂടെ മാത്രമേ ജനങ്ങൾക്കിടയിൽ രാജ്യസ്‌നേഹം വർദ്ധിക്കുകയുള്ളൂ. ജനങ്ങളുടെ ഒരുമയോടെയുള്ള സഹകരണത്തിലൂടെ രാജ്യത്തെ ഉന്നതിയിലെത്തിക്കാൻ സാധിക്കും. രാജ്യം അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാൻ ജനങ്ങളുടെ കൂട്ടായ പരിശ്രമം ആവശ്യമാണ്.’ സർദാർ പട്ടേലിന്റെ ഈ വാക്കുകൾ പ്രധാനമന്ത്രി അനുസ്മരിച്ചു.
ജനങ്ങളിൽ രാജ്യസ്‌നേഹം വർദ്ധിപ്പിക്കാനും ഒരുമയുടെ പാഠങ്ങൾ അറിയിക്കാനും ഗുജറാത്ത് പോലീസും ത്രിപുര പോലീസും ചേർന്ന് ഗുജറാത്തിലെ ഏകതാ പ്രതിമയിലേയ്‌ക്ക് ബൈക്ക് റാലി സംഘടിപ്പിച്ചിരുന്നു. മാത്രമല്ല ഇന്ത്യയിലെ സർക്കാർ സ്ഥാപനങ്ങളിലേയ്‌ക്ക് ദേശീയ പതാകയുടെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത് ജമ്മുകശ്മീരിലെ കുപ്വാരയിൽ നിന്നുള്ള സ്ത്രീകളാണ്. ഇതിലൂടെ അവരുടെ രാജ്യസ്‌നേഹമാണ് തെളിയിക്കപ്പെടുന്നതെത്തും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രമേ രാജ്യത്തിന് വളർച്ചയുണ്ടാകൂ. ഇതിനായി ജനങ്ങൾ പരിശ്രമിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Comments