ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കശ്മീർ സന്ദർശനത്തിനിടെ ഭീകരർ വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി. ഐഎസ്ഐ ഇതിനുവേണ്ടി എല്ലാ പിന്തുണയും ഭീകർക്ക് നൽകിയിരുന്നതായാണ് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നത്. മൂന്നു റിപ്പോർട്ടുകളാണ് ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചത്.
ഭീകരാക്രമണത്തെ കുറിച്ച് രഹസ്യാന്വേഷണ ഏജൻസികൾക്ക് വ്യക്തമായ വിവരങ്ങൾ ലഭിച്ചിരുന്നു. മൂന്ന് ഭീകര സംഘങ്ങൾക്കാണ് ഇതു സംബന്ധിച്ച് ഐഎസ്ഐ പിന്തുണ നൽകിയതെന്നാണ് റിപ്പോർട്ടുകൾ. വിദേശത്തു നിന്നുള്ള ഒരു ഭീകരനെ പ്രദേശത്തേക്ക് ഇതിനായി ഐഎസ്ഐ അയച്ചിട്ടുണ്ടെന്നാണ് വിവരം ലഭിച്ചത് .പ്രദേശത്ത് നിന്നുള്ള രണ്ട് ഭീകരരെയും ദൗത്യത്തിനായി നിയോഗിച്ചിരുന്നു.
ഐടിബിപിയുടെ പാന്ത ചൗക്കിൽ ആക്രമണം നടത്താനായിരുന്നു ഭീകരരുടെ പദ്ധതി. എന്നാൽ റിപ്പോർട്ടുകൾ ലഭിച്ചയുടനെ സുരക്ഷാ സേന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചു. ലോക്കൽ പോലീസ്, ജിആർപി തുടങ്ങിയ ഏജൻസികൾക്കും രഹസ്യാന്വേഷണ വിഭാഗം ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
ഒക്ടോബർ 21, 22 തീയതികളിൽ പാകിസ്താൻ അതിർത്തിയോട് ചേർന്നുള്ള കാണ്ഡ പ്രദേശത്ത് നിന്ന് എകെ -47 റൈഫിൾ ഗ്രനേഡുകളും എട്ട് മുതൽ 10 കിലോഗ്രാം വരെ വരുന്ന മയക്കുമരുന്നും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആയുധങ്ങളും മയക്കുമരുന്നുകളും പ്രദേശത്ത് ഒളിപ്പിച്ചിട്ടുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു.ഇതിനു പിന്നിൽ ഒരു അജ്ഞാത സംഘമുണ്ടെന്നും അന്വേഷണ ഏജൻസികൾ സ്ഥീരികരിച്ചു. ഈ അന്വേഷണത്തിലാണ് ആക്രമണത്തിന്റെ വൻ പദ്ധതികൾ പുറത്തുവന്നത്.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അമിത്ഷാ ജമ്മുകശ്മീരിലെത്തിയത്. ഭീകരതയ്‌ക്കെതിരെ ശക്തമായ സന്ദേശമാണ് അമിത്ഷാ നൽകിയത്. ഒരു കാരണവശാലും തീവ്രവാദം വച്ചുപൊറുപ്പിക്കില്ലെന്നും കശ്മീരിന്റെ സമാധാനം തകർക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അമിത്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു.
















Comments