മുംബൈ : ആഡംബര കപ്പലിലെ ലഹരിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ ഉടൻ പുറത്തിറങ്ങുമെന്ന് കൂട്ടുപ്രതി അർബ്ബാസ് മർച്ചന്റിന്റെ പിതാവ്. നിലവിൽ രണ്ട് പേരും ജയിലിലാണ് ഉള്ളത്. എന്നാൽ ഉടൻ തന്നെ ഇരുവരും ജയിൽ മോചിതരാകുമെന്നതിൽ വിശ്വാസമുണ്ട്. ആര്യൻ ഖാൻ ആദ്യം തന്നെ പുറത്തിറങ്ങാനാണ് സാധ്യത. കാരണം അവൻ ലോകപ്രശസ്ത താരത്തിന്റെ മകനാണെന്ന് അർബ്ബാസിന്റെ പിതാവ് അസ്ലം മർച്ചന്റ് പറഞ്ഞു.
ആര്യൻ ഖാനെ രക്ഷിക്കാൻ പിതാവ് ഷാറൂഖിന് തീർച്ചയായും സാധിക്കും. എന്നാൽ അർബ്ബാസിനെ രക്ഷിക്കാൻ അവന്റെ പിതാവായ തനിക്ക് സാധിച്ചെന്ന് വരില്ല. ഉന്നത ബന്ധങ്ങൾ ഒന്നും ഇല്ലാത്ത സാധാരണക്കാരാണ് തങ്ങൾ എന്നും അസ്ലം മർച്ചന്റ് പറഞ്ഞു.
അർബ്ബാസ് നിർഭാഗ്യവാനാണെന്നാണ് ഞാൻ കരുതുന്നത്. അവൻ തെറ്റായ സമയത്ത് തെറ്റായ സ്ഥലത്ത് ചെന്നു. എന്നാൽ അവന്റെ ഉറ്റസുഹൃത്തായ ആര്യനോട് കൂടെ അർബ്ബാസ് നിന്നതിൽ സന്തോഷിക്കുന്നുവെന്നും അസ്ലം പറഞ്ഞു.
ആര്യൻ ഖാന്റെ അറസ്റ്റിന് ശേഷം വ്യാഴാഴ്ചയാണ് ആദ്യമായി ഷാറൂഖ് ഖാൻ ആര്യനെ സന്ദർശിക്കാൻ എത്തിയത്. എല്ലാവരേയും തൊഴുകൈകളോടെ നമിച്ചുകൊണ്ടാണ് ഷാറൂഖ് ജയിലിൽ എത്തിയത്. എന്നാൽ മകന്റെ അറസ്റ്റ് സംബന്ധിച്ച് ഷാറൂഖ് ഖാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
















Comments