ബീജിങ്: മുസ്ലിം പള്ളികളിലെ ഇസ്ലാമിക ശൈലിയിലുള്ള ഘടനകൾ നീക്കം ചെയ്യുന്നത് വേഗത്തിലാക്കി ചൈനീസ് സർക്കാർ. വടക്കുപടിഞ്ഞാറൻ നഗരമായ സിനിങിലെ ഡോങ്ഗുവാൻ മസ്ജിദ് ചൈനീസ് ഭരണകൂടം ബുദ്ധമത ചിഹ്നങ്ങൾ ഉപയോഗിച്ച് പുനർനിർമ്മിക്കുകയും മേൽക്കൂരയിലെ പച്ച താഴികക്കുടങ്ങളും മിനാരങ്ങളും മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഇസ്ലാമിക രീതിയിലുളള മേൽക്കൂര മാറ്റി പരന്നത് ആക്കി മാറ്റി. ‘ഞങ്ങളുടെ പള്ളികൾ ഇപ്പോൾ ബീജിംഗിലെ ടിയാനൻമെൻ സ്‌ക്വയർ പോലെയാണ് കാണപ്പെടുന്നത്,’ ഒരു പ്രാദേശിക പഴക്കച്ചവടക്കാരനായ അലി പറഞ്ഞു.
ഒരു മതകേന്ദ്രത്തെ ‘കൂടുതൽ ചൈനീസ്’ ആക്കാനുള്ള നീക്കങ്ങൾ ബെയ്ജിംഗ് നടത്തുന്നത് ഇതാദ്യമല്ല. ചൈനയിലെ യുകെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ക്രിസ്റ്റീന സ്‌കോട്ട് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നു. ചൈനയിലെ നിംഗ്സിയ പ്രവിശ്യയുടെ തലസ്ഥാന നഗരമായ യിൻചുവാനിലെ നഹ്യാൻ പളളിയുടെ ഇപ്പോഴത്തെ ചിത്രവും, അതിന്റെ നാല് വർഷം പഴക്കമുള്ള ഗൈഡ്ബുക്കിലെ ചിത്രങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
‘നവീകരണ’ത്തിന്റെ പേരിൽ ചൈനീസ് അധികാരികൾ സ്വർണ്ണ മിനാരങ്ങളും താഴികക്കുടങ്ങളും തകർത്തു. പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ നേതൃത്വത്തിൽ പള്ളികളെയും മുസ്ലിങ്ങളെയും മാറ്റങ്ങൾക്ക് വിധേയമാക്കി കൊണ്ടിരിക്കുകയാണ്. പല ചൈനീസ് മുസ്ലിം ഭൂരിപക്ഷ പ്രവിശ്യകളും പള്ളികളുടെ പുനർനിർമ്മാണത്തിനുപുറമെ ഇമാമുമാരുടെ പുതിയ നിയമനവും സർക്കാർ ആണ് നടത്തുന്നത്.
2018 ഓഗസ്റ്റിൽ ഡോങ്ഗുവാൻ മസ്ജിദിൽ സർക്കാർ ഒരു പുതിയ ഇമാമിനെ നിയമിച്ചതായി ബിറ്റർ വിന്റർ മാഗസിൻ വ്യക്തമാക്കുന്നു. പുതിയ ഇമാമായ മാ യുഎക്‌സിയാങ്ങിന്റെ പ്രസംഗങ്ങൾ മിക്കവാറും വിശുദ്ധ ഖുർആനുമായി ‘പൊരുത്തമില്ലാത്ത’തായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
നിലവിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ഇസ്ലാമിക പ്രാർത്ഥനാ ഹാളിൽ വരുന്ന വിശ്വാസികളുടെ എണ്ണം കുത്തനെ കുറഞ്ഞു. അതിനിടയിൽ അറബിക് ശൈലിയിലുളള വാസ്തുവിദ്യ എടുത്തുകളയുന്നത് അവയെ കൂടുതൽ ചൈനീസ് ആക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പറയുന്നു. കമ്മ്യൂണിസ്റ്റ് സർക്കാർ വ്യാപകമായി പ്രചരിക്കുന്ന ‘ഇസ്ലാമോഫോബിയ’യുടെ ഫലമാണ് വർഷങ്ങൾക്ക് മുമ്പ് സ്വീകരിച്ച ഈ നീക്കത്തിന് പിന്നിൽ.
ന്യൂസ്ലൈൻ മാഗസിൻ റിപ്പോർട്ടുകൾ അനുസരിച്ച് ചില നയങ്ങൾ ദൈനംദിന ജീവിതത്തിൽ നിന്ന് ഇസ്ലാമിക ആചാരങ്ങളെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ളവയാണ്. അതിനിടെ സിൻജിയാങ് പ്രവിശ്യയിൽ തുർക്കി ഭാഷ സംസാരിക്കുന്ന ഉയ്ഗൂർ മുസ്ലിംകളെ ബീജിംഗ് ക്രൂരമായ അടിച്ചമർത്തലിനും തടങ്കലിനും വിധേയമാക്കി കൊണ്ടിരിക്കുകയാണ്.
















Comments