ന്യൂഡൽഹി : പഞ്ചാബിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. പുതിയ രാഷ്‌ട്രീയ പാർട്ടിയുടെ പേരും ചിഹ്നവും അനുമതിക്കായി തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിട്ടുണ്ട്. ചണ്ഡിഗഡിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ നിന്ന് മത്സരിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
അസ്വസ്ഥമായ പഞ്ചാബിനെ ആർക്കും ആവശ്യമില്ല. നിരവധി പ്രതിസന്ധികൾ നാം തരണം ചെയ്തിട്ടുണ്ടെന്ന് മനസിലാക്കണം. 9.5 വർഷം താൻ പഞ്ചാബ് ആഭ്യന്തര മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ആ പദവിയിൽ ഒരു മാസം മാത്രം ഇരുന്നയാൾ ഇന്ന് തന്നേക്കാൾ യോഗ്യനാണെന്നാണ് പറയുന്നത് എന്നും അമരീന്ദർ കുറ്റപ്പെടുത്തി.
പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവിനെ അദ്ദേഹം കുറ്റപ്പെടുത്തി. സിദ്ധു എവിടെ നിന്നാണോ മത്സരിക്കുന്നത് അതേ സീറ്റിൽ നിന്ന് തന്നെ തന്റെ പാർട്ടിയും മത്സരിക്കും. സമയമാകുമ്പോൾ 117 സീറ്റുകളിൽ നിന്നും മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്താൻ നാളെ ഡൽഹിയിലേക്ക് പോകും. കാർഷക സംഘടനാ നേതാക്കളും സംസ്ഥാന നേതാക്കളും ഉൾപ്പെടെ 25-30 പേർ തന്നോടൊപ്പം ഡൽഹിയിലെത്തുമെന്നും അമരീന്ദർ സിംഗ് കൂട്ടിച്ചേർത്തു.
പഞ്ചാബ് കോൺഗ്രസിൽ ഉൾപ്പോര് ശക്തമായതോടെയാണ് പാർട്ടി ഹൈക്കമാന്റ് അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത്. തുടർന്ന് നവജ്യോത് സിംഗ് സിദ്ധുവിന്റെ ഉപദേശം കണക്കിലെടുത്ത് ചരൺജീത് സിംഗ് ഛന്നിയെ മുഖ്യമന്ത്രിയായി നിയമിച്ചു. ഹൈക്കമാന്റിന്റെ ഇത്തരം പ്രവൃത്തികളിൽ അതൃപ്തി അറിയിച്ചുകൊണ്ടാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് പാർട്ടി വിട്ടത്.
Comments