ന്യൂഡൽഹി: അതിർത്തി വിഷയത്തിൽ സ്വന്തമായ നിയമ നിർമ്മാണം നടത്തി യെന്ന ചൈനയുടെ അവകാശവാദത്തിന് ശക്തമായ താക്കീതുമായി ഇന്ത്യ. ചൈന പുതുതായി പാസാക്കിയ ഭൂമി അതിര് നിയമത്തിനെതിരെയാണ് ഇന്ത്യയുടെ പ്രതികരണം. ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിയാണ് ചൈനയുടെ നീക്കം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് മുന്നറിയിപ്പു നൽകിയത്.
ഇരുരാജ്യങ്ങളും അതിർത്തി വിഷയങ്ങളിൽ ഇനിയും ചർച്ചയിലൂടെ ഒരു ധാരണയി ലെത്തിയിട്ടില്ല. ഇതിനിടെ അതിർത്തി സംരക്ഷണങ്ങൾക്കെന്ന പേരിൽ പുതിയ നിയമങ്ങൾ ഉണ്ടാക്കിയെന്ന് പറയുന്നതിന്റെ ഉദ്ദേശ്യം മനസ്സിലാകുന്നില്ല. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഇടിവുണ്ടാക്കുന്ന നീക്കമാണിതെന്നും ബാഗ്ചി ഓർമ്മപ്പെടുത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിലൂടെ അതിർത്തിയിലെ ശാന്തിയും സമാധാനവും സുരക്ഷയും ഉറപ്പാക്കുകയാണ് ലക്ഷ്യം. എന്നാൽ അതിനിടെ ഏകപക്ഷീയമായ നിയമനിർമ്മാണവും അതിർത്തി വിഷയത്തിലിറക്കുന്ന പ്രസ്താവനകളും എല്ലാധാരണകൾക്കും വിരുദ്ധമാണെന്നും ബാഗ്ചി പറഞ്ഞു.
ലഡാക്കിൽ ശക്തമായ സൈനിക നീക്കം നടത്തുന്ന ചൈന, ടിബറ്റിലെ ജനങ്ങളോട് നിർബന്ധമായി ഭൂമി എഴുതിവാങ്ങുകയാണ്. ഇതിനിടെ അരുണാചൽ മേഖലയിലും ചൈന കയ്യേറ്റ ശ്രമം തുടരുകയാണെന്നതും ഇന്ത്യ അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.
















Comments