ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് മേൽനോട്ട സമിതി. എന്നാൽ ഈ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച കേരളം ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മേൽനോട്ട സമിതിയുടെ റിപ്പോർട്ടിൽ ഉടൻ മറുപടി നൽകണമെന്ന് കേരളത്തോട് സുപ്രീംകോടതി നിർദേശിച്ചു. ഇതിനെ തുടർന്ന് കേസ് നാളത്തേയ്‌ക്കു മാറ്റി.
മുല്ലപ്പെരിയാറിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതുണ്ടോയെന്ന് പരിശോധിക്കാൻ മേൽനോട്ട സമിതിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് സമിതി കോടതി മുൻപാകെ റിപ്പോർട്ട് സമർപ്പിച്ചത്. കേരളം എതിർപ്പ് ഉന്നയിച്ചതോടെ മറുപടി നൽകാൻ കോടതി സമയം അനുവദിച്ചു. തുടർന്നാണ് നാളെ രാവിലെയ്‌ക്കുളളിൽ മറുപടി നൽകാൻ നിർദ്ദേശിച്ചത്. ജലനിരപ്പ് 142 അടിയായി നിലനിർത്താമെന്ന് മേൽനോട്ട സമിതിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയാണ് കോടതിയിൽ വ്യക്തമാക്കിയത്. തമിഴ്നാടിന് ഇതിൽ വിയോജിപ്പില്ലെന്നും എന്നാൽ കേരളം അംഗീകരിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. ജലനിരപ്പ് ഉയർന്നാൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്ത കോടതിയിൽ പറഞ്ഞു.
ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. പ്രദേശത്ത് കൂടുതൽ മഴ പെയ്താൽ ജലനിരപ്പ് ഉയരുമെന്നും ഇത് പ്രദേശത്തെ സുരക്ഷയ്‌ക്ക് ഭീഷണിയാകുമെന്നും കേരളം ചൂണ്ടിക്കാട്ടി. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 137.7 അടിയായതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
കേസ് ദീപാവലി അവധിയ്‌ക്ക് ശേഷം പരിഗണിക്കാൻ മാറ്റണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേരളത്തിന്റെ മറുപടി ലഭിച്ച ശേഷം നാളെത്തന്നെ കേസ് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
















Comments