ഡെറാഡൂൺ: അതിതീവ്ര മഴയെ തുടർന്ന് ഉത്തരാഖണ്ഡിലുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 77 ആയി. നാളുകളായി രക്ഷാപ്രവർത്തനം തുടരുകയാണ്. ഇനിയും അഞ്ച് പേരെ കണ്ടെത്താനുണ്ടെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അറിയിച്ചു.
മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും വെള്ളപൊക്കത്തിലുമായി 225ലധികം വീടുകൾ പൂർണമായും തകർന്നു. 65,000ത്തോളം ആളുകളെ രക്ഷപ്പെടുത്തുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. ഏറ്റവും അധികം ആളുകൾക്ക് ജീവഹാനി സംഭവിച്ചത് കുമൗൺ പ്രദേശത്താണ്. ഇവിടെ 59 പേരാണ് മരിച്ചത്. ഗർവാളിൽ 17 പേരും മരിച്ചിട്ടുണ്ട്.
400ഓളം സർക്കാർ സ്‌കൂളുകൾ തകർന്നെന്നാണ് റിപ്പോർട്ട്. 7000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഏകദേശ കണക്ക്. ഇരുന്നൂറോളം റോഡുകൾ ഇപ്പോഴും ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയാതെ കിടക്കുകയാണ്. നഗരങ്ങളിലെ പ്രധാന പാതകളിലേക്കും മാർക്കറ്റുകളിലേക്കും നയിക്കുന്ന റോഡുകളും ഇത്തരത്തിൽ നശിച്ചിരിക്കുകയാണ്. പല ഗ്രാമങ്ങളും അതിനാൽ ഒറ്റപ്പെട്ട് കിടക്കുന്നുവെന്നാണ് റിപ്പോർട്ട്.
ഗുഞ്ചി, ധർമ താഴ്‌വര, രാംഗഡ് എന്നിവിടങ്ങളിൽ ഇപ്പോഴും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഒക്ടോബർ മാസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് സമർപ്പിക്കുമെന്നും മുഖ്യമന്ത്രി പുഷകർ സിംഗ് ധാമി വ്യക്തമാക്കി.
















Comments