മുംബൈ : ലഹരിമരുന്ന് കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യം ലഭിച്ചത് ആഘോഷമാക്കി സിനിമാ താരങ്ങൾ. ജാമ്യം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് തമിഴ്‌നടൻ മാധവൻ, സോനുസൂദ് തുടങ്ങിയവരാണ് രംഗത്ത് വന്നിരിക്കുന്നത്. ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വിധി വന്നതിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു താരങ്ങളുടെ പ്രതികരണം.
ആര്യന് ജാമ്യം ലഭിച്ചതിൽ അതിയായ ആശ്വാസമുണ്ടെന്ന് നടൻ മാധവൻ പറഞ്ഞു. ദൈവത്തിന് നന്ദി. ആര്യന്റെ ജീവതത്തിൽ നല്ലതുമാത്രം വരട്ടെയെന്നും മാധവൻ ട്വീറ്റ് ചെയ്തു. കാലം വിധി നിർണയിക്കുമ്പോൾ ദൃക്‌സാക്ഷികളുടെ ആവശ്യമില്ലെന്നാണ് നടൻ സോനു സൂദ് പ്രതികരിച്ചത്. അവസാനം ആര്യന് ജാമ്യം ലഭിച്ചു, ദൈവത്തിന് നന്ദിയെന്ന് രാഹുൽ ദോൽക്കിയയും ട്വിറ്ററിൽ കുറിച്ചു.
ആര്യന് ജാമ്യം ലഭിച്ചുവെന്ന് അറിയിച്ചുള്ള എൻഡിടിവി മാദ്ധ്യമ പ്രവർത്തകൻ അരവിന്ദ് ഗുണശേഖറിന്റെ ട്വീറ്റാണ് നടി സ്വരാ ഭാസ്‌കർ പങ്കുവെച്ചത്. ആര്യന് ജാമ്യം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് നിർമ്മാതാവ് സജ്ഞയ് ഗുപ്ത പറഞ്ഞു. കഴിഞ്ഞ 25 ദിവസങ്ങളായി ഒരു ചെറുപ്പക്കാരനെ അഴിക്കുള്ളിൽവെച്ച സംവിധാനത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ആശങ്കയുണ്ട്. സംഭവിക്കാൻ പാടില്ലാത്തതാണ് ഇത്. ഈ സംവിധാനം മാറണം. ആര്യന് ഖാനെ ദൈവം അനുഗ്രഹിക്കട്ടെ. നമുക്ക് ആര്യന് കരുത്തേകാമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഇത് വൈകിയെങ്കിലും തിളക്കം മങ്ങിയതല്ലെന്നായിരുന്നു രൺവീർ ഷെരോയുടെ പ്രതികരണം. ഹെക്കോടതി ആര്യന് ജാമ്യം അനുവദിച്ചതിൽ സന്തോഷമുണ്ടെന്നും കീഴ്‌ക്കോടതിയിലെ ജഡ്ജിമാർ എന്തുകൊണ്ടാണ് ഇത്തരമൊരു വിധി ആര്യന്റെ കാര്യത്തിൽ ഉണ്ടായതെന്ന് മനസ്സിലാക്കണമെന്നും ഛായാഗ്രഹകൻ അതുൽ കസ്‌ബേക്കർ പറഞ്ഞു.
















Comments