ന്യൂഡൽഹി : ഇന്ത്യൻ താരം മുഹമ്മദ് ഷമിക്കെതിരെയുണ്ടായ സൈബർ ആക്രമണത്തിൽ ട്രോളർമാരെ വിമർശിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. ട്വന്റി20 ലോകകപ്പിൽ പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെയാണ് മുഹമ്മദ് ഷമിക്കെതിരെ കടുത്ത സൈബർ ആക്രമണം ഉണ്ടായത് .
ഷമിയ്‌ക്ക് പിന്തുണയുമായെത്തിയ ഗൗതം ഗംഭീർ അദ്ദേഹം പ്രതിബദ്ധതയുള്ള ക്രിക്കറ്റ് താരമാണെന്നും വ്യക്തമാക്കി. “ഞായറാഴ്‌ച പാകിസ്താനോട് ഇന്ത്യ തോറ്റു. പിന്നീട് തന്റെ ടീമിനോടും രാജ്യത്തോടുമുള്ള മുഹമ്മദ് ഷമിയുടെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുകയാണ്. അത് എത്രത്തോളം പരിഹാസ്യമാണ്? ജസ്പ്രീത് ബുംറയോ ഭുവനേശ്വർ കുമാറോ ഒരു പ്രത്യേക മതത്തിൽപ്പെട്ടവരായതിനാൽ കൂടുതൽ പ്രതിബദ്ധതയുള്ളവരായിരുന്നുവെന്ന് പറയണോ? ? നമ്മൾ എവിടേക്കാണ് പോകുന്നത്?,” ഗംഭീർ പറയുന്നു.
മാത്രമല്ല ഷമിയെ തനിക്ക് നന്നായി അറിയാം. കഠിനാധ്വാനിയായ പ്രതിബദ്ധതയുള്ള ഫാസ്റ്റ് ബൗളറാണ്, നിർഭാഗ്യവശാൽ പാകിസ്താനെതിരെ അദ്ദേഹത്തിന് തിളങ്ങാനായില്ല . പക്ഷേ അത് ആർക്കും സംഭവിക്കാം. നന്നായി പാകിസ്താൻ കളിച്ചുവെന്ന് പറഞ്ഞ് അത് ഉപേക്ഷിക്കുകയാണ് വേണ്ടതെന്നും ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു.
















Comments