ന്യൂഡൽഹി : കാർഷിക നിയമങ്ങളുടെ പേരിൽ കേന്ദ്രസർക്കാരിനെതിരെ തുടരുന്ന പ്രതിഷേധം സംയുക്ത കിസാൻ മോർച്ച അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി സൂചന. പ്രതിഷേധം നടന്നിരുന്ന ടിക്രി, ഗാസിപൂർ അതിർത്തികളിൽ നിന്നും ഡൽഹി പോലീസ് പ്രതിഷേധക്കാരെ തടയാനായി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ നീക്കാൻ ആരംഭിച്ചു. സമരം ദുർബലമായതിനെ തുടർന്നാണ് പ്രതിരോധ സംവിധാനങ്ങൾ പോലീസ് നീക്കുന്നത്.
ഇന്നലെ മുതലാണ് ജെസിബി ഉപയോഗിച്ച് ബാരിക്കേഡുകൾ പോലീസ് നീക്കി തുടങ്ങിയത്. ബാരിക്കേഡുകളും, പ്രതിഷേധക്കാരും തടസ്സം സൃഷ്ടിച്ചതിനാൽ ഇതുവഴിയുളള ഗതാഗതത്തിന് പ്രയാസം നേരിട്ടിരുന്നു. ബാരിക്കേഡുകൾ പൂർണമായും നീക്കുന്നതോടെ അതിർത്തിവഴിയുള്ള ഗതാഗതം സാധാരണ നിലയിൽ ആകും.ടിക്രിയിലേയും, ഗാസിപൂരിലെയും ബാരിക്കേഡുകൾ നീക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അധികം വൈകാതെ സിംഘു അതിർത്തിയിലെ ബാരിക്കേഡുകളും പോലീസ് നീക്കുമെന്നാണ് റിപ്പോർട്ടുകൾ.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒരു വർഷമായി ഡൽഹി അതിർത്തിയിൽ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിവരികയാണ്. എന്നാൽ ശക്തമായി തുടർന്നിരുന്ന പ്രതിഷേധത്തിന് പിന്നീട് അയവുവരുകയായിരുന്നു. പാർലമെന്റിന് മുൻപിൽ ഉൾപ്പെടെ സമരം ചെയ്തും, ഭാരത് ബന്ദ് നടത്തിയും സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്താൻ പ്രതിഷേധക്കാർ ശ്രമിച്ചെങ്കിലും ഇത് പരാജയപ്പെട്ടു.
ഇതിനിടെ പ്രതിഷേധം അക്രമങ്ങളിലേക്കും നിരവധി തവണ വഴിമാറിയിരുന്നു. അടുത്തിടെ പ്രതിഷേധത്തിൽ പങ്കെടുത്തയാളെ നിഹാംഗുകൾ കൊലപ്പെടുത്തിയത് സമരത്തിന് കനത്ത തിരിച്ചടിയായിരുന്നു. സമരം അക്രമങ്ങളിലേക്ക് വഴിമാറിയിട്ടും കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കേന്ദ്രസർക്കാർ.
അതേസമയം റോഡുകൾ ഉപരോധിച്ച് സമരം ചെയ്യാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് പറഞ്ഞു.
Comments