തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാത്ത സുപ്രീംകോടതി നിലപാട് സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി ഒരു വിഭാഗത്തിനോട് പക്ഷപാതിത്വം കാണിച്ച സർക്കാർ തെറ്റുതിരുത്താൻ തയ്യാറാവണമെന്നും കെ. സുരേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരിന്റെ മതേതരത്വനിലപാട് പൊള്ളയാണെന്ന് ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതോടെ എല്ലാവർക്കും ബോധ്യമായി. രണ്ട് ന്യൂനപക്ഷവിഭാഗങ്ങളെയും തുല്ല്യമായി കാണുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ശബരിമല യുവതീപ്രവേശന വിധി നടപ്പിലാക്കാൻ കാണിച്ച തിടുക്കം ഈ കേസിൽ ഇല്ലാത്തത് എന്താണെന്നും സുരേന്ദ്രൻ ചോദിച്ചു.
ന്യൂനപക്ഷ അവകാശങ്ങൾ ഒരു വിഭാഗത്തിന് മാത്രം ലഭിക്കേണ്ടതല്ല. എല്ലാവർക്കും അവകാശങ്ങൾ ലഭ്യമാക്കാനാണ് കോടതി വിധി വന്നത്. അത് നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. ഒളിച്ചുകളി അവസാനിപ്പിച്ച് കോടതി വിധി നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ധൈര്യം കാണിക്കണം.
വോട്ട് ബാങ്ക് താത്പര്യം മാറ്റിവെച്ച് സർക്കാരും ഇടതുമുന്നണിയും എല്ലാവർക്കും തുല്ല്യനീതി ഉറപ്പ് വരുത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നുള്ള സംസ്ഥാന സർക്കാരിന്റെ ആവശ്യമാണ് സുപ്രീംകോടതി തളളിയത്. . ഹൈക്കോടതി വിധി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്.
Comments