ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 24 കാരറ്റ് സ്വർണമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. നരേന്ദ്ര മോദി ഭരണനിർവഹണത്തിൽ രണ്ട് ദശാബ്ദങ്ങൾ പിന്നിട്ടതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ദേശീയ സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് ദശകങ്ങളിലെ പ്രധാനമന്ത്രിയുടെ വിജയകരമായ രാഷ്ട്രീയയാത്ര മാനേജ്മെന്റ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പഠനവിഷയമായി നൽകണമെന്നും രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദിയുടെ വിജയകരമായ നേതൃത്വവും, കാര്യക്ഷമതയുള്ള ഭരണവും വിദ്യാർത്ഥികൾക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഒരു യഥാർത്ഥ നേതാവിനെ തിരിച്ചറിയുന്നത് അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയിലൂടെയും സത്യസന്ധതയിലൂടെയുമാണ്, മോദി ജി ഇത്തരത്തിലുള്ള നേതാവാണ്. അതുകൊണ്ടു തന്നെ അദ്ദേഹം 24 കാരറ്റ് സ്വർണമാണ്. 20 വർഷകാലം അധികാരത്തിന്റെ ഉന്നത പദവി വഹിച്ചിട്ടും അദ്ദേഹത്തിന്റെ കരങ്ങളിൽ അഴിമതിയുടെ കറ പുരണ്ടിട്ടില്ല’ രാജ്നാഥ് സിംഗ് പറഞ്ഞു.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലെ രാഷ്ട്രീയയാത്ര പരിശോധിച്ചാൽ നരേന്ദ്ര മോദിക്ക് മുന്നിൽ ധാരാളം വെല്ലുവിളികൾ വന്നത് കാണാനാകും. എന്നാൽ ആ വെല്ലുവിളികളിൽ പതറാതെ അവയെല്ലാം ദൈര്യപൂർവ്വം അദ്ദേഹം നേരിട്ടു. ഇത് മാനേജ്മെന്റ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പാഠമാണ്. അവർക്ക് ഫലപ്രദമായ നേതൃത്വം കാഴ്ചവെക്കാൻ നരേന്ദ്ര മോദിയുടെ ജീവിതം പഠന വിഷയമായി തിരഞ്ഞെടുത്താൽ സാധിക്കുമെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ സംസ്ഥാനത്തെ സമഗ്ര വികസനത്തിന് അദ്ദേഹം അകമഴിഞ്ഞ് പ്രവർത്തിക്കുകയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലെ ജനങ്ങളെയും പുരോഗതിയിലേയ്ക്ക് നയിക്കുകയും ചെയ്തുവെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം പല പദ്ധതികൾ ആരംഭിക്കുകയും അവ വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തു. കേവലം വാഗ്ദാനങ്ങളിലൂടെ മാത്രമല്ല അവയെല്ലാം പ്രവർത്തിച്ച് കാണിച്ച് തന്ന ഉത്തമ ഭരണാധികാരിയാണ് നരേന്ദ്ര മേദിയെന്നും സിംഗ് ചൂണ്ടിക്കാട്ടി.
രാജ്യത്തെ വ്യാപാരം, വ്യവസായം, ബിസിനസ്സ് എന്നീ മേഖലകളിൽ അദ്ദേഹത്തിന്റെ കഴിവിലൂടെ ഉണ്ടായ വികസനം രാജ്യത്തെ സാമ്പത്തികമായി മുന്നോട്ടുനയിച്ചു. ഇന്ത്യ സാമ്പത്തികമായി പിന്നോട്ടു നിന്നപ്പോഴും വികസന പ്രവർത്തനങ്ങൾ കാഴ്ചവെച്ച് പണമല്ല വികസനത്തിന്റെ അടിത്തറയെന്ന് നരേന്ദ്ര മോദി കാണിച്ചു തന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
Comments