തിരുവനന്തപുരം: വെള്ളയമ്പലം-ശാസ്തമംഗലം റോഡിലെ കുഴിയിൽ തടികയറ്റിവന്ന ലോറി താഴ്ന്നു. ഇന്നലെ രാത്രി എട്ട് മണിയോടെ കെപിസിസി ആസ്ഥാനത്തിന് മുന്നിലായിരുന്നു അപകടം. കാട്ടക്കടയിൽ നിന്നും റബ്ബർ തടിയുമായി കൊല്ലത്തേയ്ക്ക് പോകുകയായിരുന്നു ലോറി. വാട്ടർ അതോറിറ്റി വെട്ടിപ്പൊളിച്ച റോഡിലെ മദ്ധ്യഭാഗത്തെ കുഴിയിലാണ് ലോറി അകപ്പെട്ടത്.
ഇന്നലെ രാവിലെയാണ് അറ്റകുറ്റപ്പണിക്കായി റോഡ് വെട്ടിപ്പൊളിച്ചത്. വൈകിട്ടോടെ താത്കാലികമായി മണ്ണിട്ട് മൂടുകയായിരുന്നു. ലോറിയുടെ പിൻവശത്തെ ചക്രമാണ് കുഴിയിൽ അകപ്പെട്ടത്. ഇതോടെ ലോറി ഇടത്തുവശത്തേയ്ക്ക് ചരിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. നാട്ടുകാർ ആദ്യം വാഹനം ഉയർത്താൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
ഈ വഴിയുള്ള ഗതാഗതം മണിക്കൂറുകളോളം നേരം തടസ്സപ്പെട്ടിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ലോറി പൂർണ്ണമായും മറിയാതിരിക്കാൻ വടം ഉപയോഗിച്ച് മരത്തിലും റിക്കവറി വാഹനത്തിലും കെട്ടി. പിന്നീട് ലോറിയിൽ നിന്നും തടി പൂർണ്ണമായും നീക്കിയ ശേഷം റിക്കവറി വാനുപയോഗിച്ച് ലോറി ഉയർത്തുകയായിരുന്നു.
Comments