തിരുവനന്തപുരം : കൊറോണ വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ ഇന്ന് തുറക്കും. നീണ്ട ഒന്നര വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സംസ്ഥാനത്ത് അദ്ധ്യയന വർഷം ആരംഭിക്കുന്നത്. സംസ്ഥാന തല പ്രവേശനോത്സവം രാവിലെ 8.30 ന് തിരുവനന്തപുരം കോട്ടൻ ഹിൽ സ്‌കൂളിൽ നടക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ആരോഗ്യമന്ത്രി വീണാ ജോർജ്, ഗതാഗതമന്ത്രി ആന്റണി രാജു, ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവേശനോത്സവം നടക്കുക.
ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെയും 10,പ്ലസ് ടു ക്ലാസുകളിലെയും വിദ്യാർത്ഥികളാണ് ഇന്ന് സ്‌കൂളിൽ എത്തുന്നത്. 10 ലക്ഷത്തോളം കുട്ടികൾ ഇന്ന് ക്ലാസുകളിൽ എത്തുമെന്നാണ് വിലയിരുത്തൽ. വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനായുള്ള ഒരുക്കങ്ങൾ വിദ്യാലയങ്ങൾ പൂർത്തിയായി കഴിഞ്ഞു. എട്ട്, ഒൻപത് ക്ലാസ് വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ഈ മാസം 15 മുതൽ ആരംഭിക്കും. രക്ഷിതാക്കളുടെ സമ്മത പത്രത്തോടെയാകും വിദ്യാർത്ഥികൾ സ്‌കൂളുകളിൽ എത്തുക.
കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാകും ക്ലാസുകൾ. വിദ്യാർത്ഥികൾക്ക് ഇടയ്‌ക്കിടയ്‌ക്ക് കൈകൾ വൃത്തിയാക്കുന്നതിനുള്ള സൗകര്യങ്ങൾ ക്ലാസുകളിൽ ലഭ്യമാക്കും. സാമൂഹിക അകലം പാലിച്ചാകും ക്ലാസുകൾ സംഘടിപ്പിക്കുക. ഇത് സാദ്ധ്യമാക്കാൻ ബാച്ചുകൾ തിരിച്ചാണ് ക്ലാസുകൾ നടക്കുക. ബയോബബിൾ മാതൃകയിലാകും ക്ലാസുകൾ നടക്കുകയെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ആദ്യ രണ്ട് ആഴ്ച ക്ലാസുകളിൽ ഹാജർ ഉണ്ടാകില്ല. കൊറോണ ബാധിച്ച് ചികിത്സയിലിരിക്കുകയോ, നിരീക്ഷണത്തിൽ കഴിയുകയോ ചെയ്യുന്ന കുട്ടികൾ ക്ലാസിൽ എത്തരുത്. വാക്‌സിൻ എടുക്കാത്ത അദ്ധ്യാപകരോട് ഓൺലൈൻ ക്ലാസ് തുടരാനാണ് സർക്കാർ നിർദ്ദേശം.
Comments