അയോദ്ധ്യ: ദീപാവലിയോടനുബന്ധിച്ച് അയോദ്ധ്യയില്‍ 12 ലക്ഷം പ്രകൃതിദത്ത ദീപങ്ങള്‍ തെളിയിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതില്‍ ഒന്‍പത് ലക്ഷം ദീപങ്ങള്‍ സരയൂ നദിക്കരയിലായിരിക്കും തെളിയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ദീപാവലിയോടനുബന്ധിച്ച് നടത്തിയ ദീപോത്സവത്തില്‍ ആറ് ലക്ഷം ദീപങ്ങളായിരുന്നു തെളിയിച്ചത്. ഒരേ സമയം ദീപങ്ങള്‍ തെളിയിച്ച് അന്നത്തെ ദീപോത്സവം ലോക റെക്കോര്‍ഡ് നേടിയിരുന്നു. അന്നത്തെ റെക്കോര്‍ഡിനേയും മറികടക്കുന്നതായിരിക്കും ഈ വര്‍ഷത്തെ ദീപോത്സവം എന്ന് അധികൃതര്‍ വ്യക്തമാക്കി.
പൂര്‍ണ്ണമായും മണ്ണ് കൊണ്ട് നിര്‍മ്മിച്ച ചെരാതുകളിലാണ് ദീപം തെളിക്കുന്നത്. അഞ്ച് ദിവസം നീണ്ടു നില്ക്കുന്ന ആഘോഷങ്ങള്‍ക്ക് ഇന്നലെയാണ് തുടക്കമായത്. രാംലീല അവതരണം, ലേസര്‍ ഷോകള്‍, വിവിധ കലാപരിപാടികള്‍ തുടങ്ങിയ ഈ ദിവസങ്ങളില്‍ നടക്കും. 12 ലക്ഷം ദീപങ്ങളില്‍ ഒന്‍പത് ലക്ഷം സരയു നദിക്കരയിലും ബാക്കി മൂന്ന് ലക്ഷം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമായിട്ടായിരിക്കും തെളിക്കുന്നത്. ബുധനാഴ്ച വൈകിട്ട് 6 മുതല്‍ 6.30 വരെയുള്ള സമയത്താണ് ദീപോത്സവം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ തുടങ്ങിയവര്‍ നാളത്തെ ദീപോത്സവത്തില്‍ പങ്കെടുക്കും. ദീപോത്സവത്തിന് ശേഷം നടക്കുന്ന സരയു ആരതിയിലും മുഖ്യമന്ത്രി പങ്കെടുക്കും. ജമ്മു കശ്മീര്‍, ഗുജറാത്ത്, ആസാം, കര്‍ണാടക, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ അഞ്ച് ദിവസങ്ങളില്‍ രാംലീലയുടെ ഭാഗമാകും. ഇതിന് പുറമെ ശ്രീലങ്കയില്‍ നിന്നും നേപ്പാളില്‍ നിന്നും ഉള്ള സംഘവും ഇതിന്റെ ഭാഗമാകുന്നുണ്ട്.
Comments