തിരുവനന്തപുരം : സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയും എസ്എഫ്‌ഐ നേതാവുമായ അനുപമ നൽകിയ ഹർജി ഹൈക്കോതി ഇന്ന് പരിഗണിക്കും. കുഞ്ഞിനെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയാണ് പരിഗണിക്കുന്നത്. വിഷയത്തിൽ ഇന്നലെയാണ് അനുപമ ഹൈക്കോടതിയെ സമീപിച്ചത്.
താൻ അറിയാതെയാണ് 4 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ദത്ത് നൽകിയെന്നും കുഞ്ഞിനെ ഹാജരാക്കാൻ സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത. എന്നിവരടക്കം ആറ്‌പേരെ എതിർ കക്ഷിയാക്കിയാണ് ഹർജി.12 മാസമായി ആൺകുട്ടിയെക്കുറിച്ച് യാതൊരു അറിവുമില്ല. പോലീസും, ചൈൽഡ് വെൽഫെയർ കമ്മിറ്റിയും രക്ഷിതാക്കളും ഗൂഢാലോചന നടത്തിയാണ് കുട്ടിയെ ഒളിപ്പിച്ചതെന്നും ഹർജിയിൽ ചൂണ്ടികാട്ടുന്നുണ്ട്.
സംഭവത്തിൽ അനുപമയുടെ അമ്മ ഉൾപ്പെടെയുള്ളവരുടെ ജാമ്യ ഹർജിയിൽ ഇന്ന് കോടതിവിധി പറയും. തിരുവനന്തപുരം ജില്ലാ കോടതിയാണ് ഹർജിയിൽ വിധി പറയുക. ദുർബലമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയതെന്ന ആക്ഷേപം നിലനിൽക്കെയാണ് ഹർജി പരിഗണിക്കുന്നത്. നേരത്തെ കോടതി പോലീസിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാവും അന്തിമ വിധി.
Comments