മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം, 100 കോടിയുടെ മുതൽ മുടക്കും അതിനൂനത സാങ്കേതിക വിദ്യയും , താര രാജാവ് മോഹൻലാൽ അടക്കമുള്ള വമ്പൻ താരനിരയെ അണിനിരത്തി പ്രിയദർശൻ ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം.
പ്രദർശനത്തിനു മുമ്പേ നിരവധി ദേശീയ – സംസ്ഥാന അവാർഡുകൾ നേടി കഴിഞ്ഞ സിനിമയുടെ റിലീസിംഗുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കൊഴുക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് ഇനിയും കാത്തിരിക്കാൻ സാധിക്കില്ലെന്നും മരയ്‌ക്കാർ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണെന്നും നിർമ്മാതാവ് വ്യക്തമാക്കിയതാണ് വിവാദങ്ങൾക്ക് തുടക്കം.
നിലവിലെ സാഹചര്യത്തിൽ സിനിമ തീയേറ്റർ റിലീസ് ചെയ്യുകയാണെങ്കിൽ ഭീമമായ നഷ്ടടം സംഭവിക്കുമെന്ന് അണിയപ്രവർത്തകർ. എന്നാൽ മരക്കാർ പോലൊരു ചിത്രം പ്രദർശനത്തിനെത്തുകയാണെങ്കിൽ കൂടുതൽ പ്രേക്ഷകരെ ആകർഷിക്കാൻ കഴിയുമെന്ന് തിയേറ്റർ ഉടമകളും.. എന്താണ് മരക്കാറിന് സംഭവിക്കുന്നത് ???
കൊറോണ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ സിനിമാ മേഖല സ്തംഭിച്ചപ്പോൾ മരക്കാരിന്റെ റിലീസ് നീണ്ടുപോകുകയായിരുന്നു. ബിഗ് സ്‌ക്രീനിൽ ആസ്വദിക്കാൻ തക്കവണ്ണം തയാറാക്കിയ ചിത്രം എന്തുവന്നാലും തിയേറ്ററിൽ മാത്രമേ റിലീസ് ചെയ്യുകയുള്ളൂ എന്ന തീരുമാനത്തിലായിരുന്നു അണിയറ പ്രവർത്തകർ ആദ്യം. എന്നാൽ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുമെന്ന വാർത്ത പരന്നത് ആഴ്ചകൾക്ക് മുമ്പ്. ദേശീയ ചലചിത്ര അവാർഡ് ദാന ചടങ്ങിനെത്തിയ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വാർത്ത സ്ഥിരീകരിക്കുകയും ചെയ്തു.
ചിത്രത്തിന്റെ റിലീസിന് ഇനിയും കാത്തിരിക്കാൻ സാധിക്കില്ലെന്നും മരയ്‌ക്കാർ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. നിർമ്മാതാവിന്റെ പരസ്യപ്രസ്താവന തിയേറ്ററുടമകളിൽ കടുത്ത നിരാശയുണുണ്ടാക്കിയത്. കൊറോണ പ്രതിസന്ധിയ്‌ക്ക് ശേഷം തിയേറ്ററുകൾ തുറന്നെങ്കിലും കാണികൾ കുറഞ്ഞതിനാൽ തിയേറ്ററുകളിലും ഷോകൾ റദ്ദാക്കേണ്ട സാഹചര്യമാണ്. മരയ്‌ക്കാർ പോലൊരു ചിത്രം റിലീസിനെത്തിയാൽ പ്രേക്ഷകർ കൂടുതലെത്തുമെന്ന പ്രതീക്ഷയിലായിരുന്ന തങ്ങളെ തീർത്തും നിരാശപ്പെടുത്തുന്നതാണ് നിർമാതാവിന്റെ പ്രസ്താനയെന്ന് തീയേറ്റർ ഉടമകൾ പറയുന്നു.
സംസ്ഥാനത്തെ നിലവിലെ സാഹചര്യമാണ് മരയ്‌ക്കാറിനെ തീയേറ്ററിൽ റിലീസിൽ നിന്നും മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. നിലവിൽ അമ്പത് ശതമാനം മാത്രമാണ് തിയേറ്ററിലെ കപ്പാസിറ്റി. അതുകൊണ്ട് തിയേറ്ററിൽ റിലീസ് ചെയ്താലും ലാഭമുണ്ടാക്കാനാവില്ലെന്നാണ് മരയ്‌ക്കാറിന്റെ നിർമാതാക്കൾ കണക്കുകൂട്ടൽ. മരയ്‌ക്കാർ തീയേറ്ററിൽ റിലീസ് ചെയ്യണമെങ്കിൽ 50 കോടി രൂപ അഡ്വാൻസ് നൽകണമെന്ന് നേരത്തെ ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യത്തിൽ തനിക്ക് മിനിമം ഗ്യാരണ്ടി നൽകണമെന്നും ആന്റണി പെരുമ്പാവൂർ ഫിലിം ചേംബറിനെ അറിയിച്ചിരുന്നു. എന്നാൽ നഷ്ടം വന്നാൽ ആ പണം തിരികെ നൽകില്ലന്നും, എന്നാൽ ലാഭവിഹിതം നൽകണമെന്നും ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ടിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ 50 കോടി രൂപ അഡ്വാൻസ് തുക നൽകാനാവില്ലെന്ന നിലപാടിലാണ് തീയേറ്റർ ഉടമകൾ സ്വീകരിച്ചത്.
പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചർച്ചകളും സജീവമാണ്. സിനിമ തീയേറ്ററിൽ തന്നെ എത്തുമെന്ന ശുഭപ്രതീക്ഷയിലാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. മരയ്‌ക്കാറിന്റെ ഒടിടി റിലീസ്് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഔദ്യോഗീകമായി പ്രഖ്യാപിക്കാത്തതും തിയേറ്റർ ഉടമകളുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.
തീയേറ്റർ റിലീസിനായി 15 കോടിവരെ മിനിമം ഗ്രാരണ്ടി തുകയായി നൽകാമെന്ന് ഫിയോക് ചർച്ചകളിൽ സമ്മതിച്ചിട്ടുണ്ട്. 40 കോടിയായിരുന്നു ആന്റണി പെരുമ്പാവൂർ അവസാനമായി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രശ്‌നപരിഹാരത്തിനായുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. ബിഗ് സ്‌ക്രീനിലായാലും ടെച്ച് സ്‌ക്രീനിൽ ആയാലും ലാലേട്ടന്റെ പടം ആർപ്പ് വിളികളോടെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ.
















Comments